കോഴിക്കോടും മലപ്പുറത്തും പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിയിറച്ചി വാങ്ങുന്നതിലും കഴിക്കുന്നതിലുമുള്ള ജനങ്ങളുടെ ഭീതി വർദ്ധിച്ചിരിക്കുകയാണ്.കോഴി, താറാവ് എന്നിവയുടെ ഇറച്ചിയും മുട്ടയും കഴിക്കുന്നതിലൂടെ പക്ഷിപ്പനി മനുഷ്യരിലേക്ക് പകരുമോ എന്നാണ് പലരുടെയും സംശയം
പക്ഷികളിൽ നിന്ന് പക്ഷികളിലേക്ക് പകരുന്ന വൈറസ് രോഗമാണ് ഏവിയൽ ഇൻഫ്‌ളുവൻസ അഥവാ പക്ഷിപ്പനി. പക്ഷികളുടെ കാഷ്ടത്തിലൂടെയും സ്രവങ്ങളുലൂടെയും വായുവിലൂടെ പകരുന്ന ശ്വാസകോശ രോഗമാണിത്.
പ്രധാനമായും കോഴി, കാട,താറാവ്. ടർക്കി, അലങ്കാര പക്ഷികൾ എന്നിവയ്ക്കാണ് വൈറസ് ബാധിക്കുന്നത്. പക്ഷികളിൽ നിന്ന് മനുഷ്യരിലേക്ക് പകരാറില്ല. എന്നാൽ രൂപമാറ്റം വരുന്ന വൈറസുകൾ വിരളമായി മനുഷ്യരിലേക്കും പടർന്നേക്കാം.വേവിച്ച മാംസത്തിൽ നിന്ന് പക്ഷി പനി പകരാനുള്ള സാധ്യത കുറവാണ്. എന്നാലും മൃഗ സംരക്ഷണ വകുപ്പ് രോഗമുക്തമാണെന്ന് പ്രഖ്യാപിക്കുന്നത് വരെ രോഗബാധയുള്ള പ്രദേശത്തെ കോഴികളുടെ ഇറച്ചി ഉപയോഗിക്കരുത്.
പാകം ചെയ്യുന്നതിന് മുൻപ് തൂവലുകൾ നന്നായി നീക്കിയെന്നും വൃത്തിയായി കഴുകിയോ എന്നും ശ്രദ്ധിക്കണം.കോഴി,താറാവ് എന്നിവയുടെ മാംസം എല്ലാ ഭാഗവും ഒരുപോലെ 70 ഡിഗ്രിയിലധികം ചൂടായോ എന്ന് ഉറപ്പ് വരുത്തണം. മുട്ട കഴിക്കുന്നവർ മുട്ട വേവിക്കുന്നതിന് മുൻപേ നന്നായി സോപ്പിട്ട് കഴുകിയ ശേഷം പുഴുങ്ങി മാത്രമേ കഴിക്കാവൂ.

