വരാനിരിക്കുന്ന അസം നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വത്തിലുള്ള സഖ്യം വൻ വിജയം കൈവരിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. സംസ്ഥാനത്ത് നിലനിൽക്കുന്ന ശക്തമായ ഭരണാനുകൂല തരംഗം സഖ്യത്തിന് അനുകൂലമാകുമെന്നും പ്രത്യേകിച്ച് സ്ത്രീകളും യുവ വോട്ടർമാരും തിരഞ്ഞെടുപ്പ് ഗോദയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം ലഖിംപൂരിലെ പ്രചാരണത്തിനിടെ വ്യക്തമാക്കി. പൊതുയോഗങ്ങളിലും റാലികളിലും സ്ത്രീകളുടെയും യുവാക്കളുടെയും വൻ സാന്നിധ്യം പ്രകടമാണെന്നും ഇത് മാറ്റത്തിന്റെ സൂചനയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ തവണ കടുത്ത പോരാട്ടം നടന്ന ലഖിംപൂർ ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ ഇത്തവണ ബിജെപി വലിയ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന നയങ്ങളും സംസ്ഥാന സർക്കാരിന്റെ ജനക്ഷേമ പദ്ധതികളും ജനങ്ങൾക്കിടയിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും അദ്ദേഹം നിരീക്ഷിച്ചു. പ്രതിപക്ഷ പാർട്ടികൾ ഉയർത്തുന്ന വാദങ്ങളെ തള്ളിക്കളഞ്ഞ മുഖ്യമന്ത്രി, നുഴഞ്ഞുകയറ്റം ഉൾപ്പെടെയുള്ള ഗൗരവകരമായ വിഷയങ്ങളിൽ സർക്കാർ സ്വീകരിച്ച കർശന നിലപാടുകൾ ജനങ്ങൾ തിരിച്ചറിയുന്നുണ്ടെന്നും വ്യക്തമാക്കി.
തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സഖ്യത്തിന്റെ വിഷൻ ഡോക്യുമെന്റ് ഉടൻ പുറത്തിറക്കുമെന്നും അതിൽ അസമിന്റെ ഭാവി വികസനത്തിനായുള്ള കൃത്യമായ മാർഗരേഖ ഉണ്ടാകുമെന്നും ഹിമന്ത ബിശ്വ ശർമ്മ അറിയിച്ചു. ഏപ്രിൽ 9-ന് ഒരൊറ്റ ഘട്ടമായാണ് സംസ്ഥാനത്തെ 126 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുന്നത്. മെയ് 4-ന് വോട്ടെണ്ണൽ നടക്കുമ്പോൾ ബിജെപിക്ക് വൻ ഭൂരിപക്ഷം ലഭിക്കുമെന്നും മൂന്നാം തവണയും അധികാരം നിലനിർത്താൻ സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

