Thursday, May 2, 2024
spot_img

പുതുപ്പള്ളിയിൽ ബിജെപി പ്രചാരണത്തിന് നേതൃത്വം നൽകാൻ ദേശീയ നേതാക്കൾ ഉൾപ്പെടുന്ന സമിതി; സ്ഥാനാർത്ഥിയെ നിശ്ചയിച്ചു, പ്രഖ്യാപനം നാളെ; സംസ്ഥാനത്തെ ഭരണപക്ഷവും പ്രതിപക്ഷവും അഴിമതി സംഘങ്ങളെന്ന് സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ

തിരുവനന്തപുരം: പുതുപ്പള്ളിയിൽ ബിജെപി പ്രചാരണത്തിന് നേതൃത്വം നൽകാൻ ഉന്നത നേതാക്കൾ ഉൾപ്പെടുന്ന സമിതിയെ പ്രഖ്യാപിച്ച് സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ദേശീയ നേതാവ് പ്രകാശ് ജാവദേക്കർ നേതൃത്വം നൽകുന്ന സമിതിയിൽ കേന്ദ്രമന്ത്രി വി മുരളീധരൻ, സുരേഷ് ഗോപി, ജി കൃഷ്ണകുമാർ, ഇ ശ്രീധരൻ, പി കെ കൃഷ്ണദാസ്, ശോഭാ സുരേന്ദ്രൻ തുടങ്ങി പ്രമുഖ നേതാക്കൾ ഉൾപ്പെടുന്നു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്ഥാനാർത്ഥിയെ നിശ്ചയിച്ചിട്ടുണ്ടെന്നും പാർട്ടി കീഴ്വഴക്കമനുസരിച്ച് കേന്ദ്ര നേതൃത്വം നാളെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ഭരണപക്ഷവും പ്രതിപക്ഷവും അഴിമതിയിൽ മുങ്ങിക്കുളിച്ചതായും ഇതിനെതിരെയുള്ള ജനരോഷം ഉപതെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപി മുൻപും സംസ്ഥാനത്ത് മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.

സംസ്ഥാന സർക്കാരിന്റെ അഴിമതിയിലും കെടുകാര്യസ്ഥതയിലും സംസ്ഥാനത്ത് ശക്തമായ ജനവികാരമുണ്ട്. അഴിമതിക്കേസുകളിൽ സംസ്ഥാനത്തെ ഏജൻസികൾ നിർജ്ജീവമാണെന്നും കേന്ദ്ര ഏജൻസികളെ പാർട്ടി സംസ്ഥാന ഘടകം സമീപിക്കുമെന്നും കെ സുരേന്ദ്രൻ തിരുവനന്തപുരത്ത് പത്രസമ്മേളനത്തിൽ പറഞ്ഞു. സർക്കാരിന്റെ കെടുകാര്യസ്ഥത കാരണം ഓണക്കാലത്ത് അവശ്യവസ്തുക്കളുടെ വില കുതിച്ചുയരുകയാണ്. മാസപ്പടി വിവാദത്തിൽ എൽ ഡി എഫും യു ഡി എഫും ഒരുപോലെ കുറ്റക്കാരാണ്. പാർട്ടികൾ സംഭാവനകൾ സ്വീകരിക്കാറുണ്ട് എന്നാൽ നേതാക്കളുടെ പേരിലുള്ള മാസപ്പടിയിൽ ദുരൂഹതയുണ്ട്. കോടിയേരി ബാലകൃഷ്ണന്റെ മക്കളുടെ പേരിൽ കേസുണ്ടായപ്പോൾ പാർട്ടിയിൽ പ്രതിരോധം ഉണ്ടായിരുന്നില്ല. എന്നാൽ മുഖ്യമന്ത്രിയുടെ മകളുടെ പേരിൽ ഗുരുതരമായ ആരോപണം വന്നപ്പോൾ രാജാവിനേക്കാൾ വലിയ രാജഭക്തിയാണ് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ കാട്ടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

വി ഡി സതീശനെ ജനം തെരഞ്ഞെടുത്തത് പ്രതിപക്ഷ നേതാവായിട്ടാണെന്നും എന്നാൽ അദ്ദേഹം ഇന്ന് മുഖ്യമന്ത്രിയുടെ പെട്ടി ചുമപ്പ്കാരനായി മാറിയെന്ന് കെ സുരേന്ദ്രൻ തുറന്നടിച്ചു. വോട്ടുകിട്ടാനായി എങ്ങോട്ടുവേണമെങ്കിലും മലക്കം മറിയാനുള്ള അപൂർവ്വ കഴിവുള്ളയാളാണ് എം വി ഗോവിന്ദനെന്നും എൽ ഡി എഫ് സ്ഥാനാർത്ഥി എൻ എസ് എസ് ആസ്ഥാനം സന്ദർശിച്ച കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ അദ്ദേഹം പറഞ്ഞു. 50 കൊല്ലമായി വികസന മുരടിപ്പ് നേരിടുന്ന മണ്ഡലമാണ് പുതുപ്പള്ളിയെന്നും പ്രതിപക്ഷത്തിനും പ്രതിപക്ഷത്തിനും സർക്കാരിനുമെതിരെ മണ്ഡലത്തിൽ ജനവികാരമുണ്ടാകുമെന്നും കെ സുരേന്ദ്രൻ പ്രത്യാശ പ്രകടിപ്പിച്ചു.

Related Articles

Latest Articles