Sunday, May 5, 2024
spot_img

ഇത് ചരിത്രം; രാജ്യസഭയിൽ അംഗസംഖ്യയിൽ സെഞ്ചുറിയടിച്ചു; 32 കൊല്ലത്തിനുശേഷം നേട്ടം കരസ്ഥമാക്കുന്ന ആദ്യ പാര്‍ട്ടിയായി ബിജെപി

ദില്ലി: രാജ്യസഭയില്‍ അംഗസംഖ്യ 100 തികച്ച് ബിജെപി. 1990ല്‍ കോണ്‍ഗ്രസിന് 108 അംഗങ്ങളുണ്ടായിരുന്നതിന് ശേഷം, രാജ്യസഭയിൽ 100 സീറ്റ് തികയ്ക്കുന്ന ആദ്യത്തെ പാര്‍ട്ടിയാണ് ബിജെപി.32 കൊല്ലത്തിനുശേഷം നേട്ടംകരസ്ഥമാക്കുന്ന ആദ്യപാര്‍ട്ടിയായിരിക്കുകയാണ് ബിജെപി. അസം, ത്രിപുര, നാഗാലാന്‍ഡ് എന്നിവിടങ്ങളില്‍ ഓരോ രാജ്യസഭാ സീറ്റ് വീതം വിജയിച്ചതോടെ ബിജെപിയുടെ അംഗബലം നൂറിലെത്തുകയായിരുന്നു.

ഭാരതീയ ജനത പാർട്ടി മഹിളാമോര്‍ച്ച പ്രസിഡന്റ് ഫാങ്ങ്‌നോണ്‍ കൊന്യാക് നാഗലാന്ഡിൽ നിന്നും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. നാഗലാന്ഡിൽ നിന്നും രാജ്യസഭയിലെത്തുന്ന ആദ്യ ബിജെപി എംപിയാണ് ഫാങ്ങ്‌നോണ്‍ കൊന്യാക്. ബിജെപി ത്രിപുര അധ്യക്ഷന്‍ മണിക് സാഹ സംസ്ഥാനത്ത് നിന്നുള്ള ഏക രാജ്യസഭാ സീറ്റിൽ വിജയിച്ചു. ത്രിപുരയിൽ നിന്നും രാജ്യസഭയിലേക്ക് തെരഞ്ഞടുക്കപ്പെട്ട ആദ്യ ബിജെപി അംഗമാണ് മണിക് സാഹ.

വോട്ടെടുപ്പ് നടന്ന അസമിലെ രണ്ട് രാജ്യസഭാ സീറ്റുകളില്‍ ബിജെപിയും സഖ്യകക്ഷിയായ യുണൈറ്റഡ് പീപ്പിള്‍സ് പാര്‍ട്ടി ലിബറലും വിജയം നേടിയിരുന്നു. വരാനിരിക്കുന്ന ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പുകള്‍ വിജയിച്ച് രാജ്യസഭയിലെ ഭൂരിപക്ഷം വർദ്ധിപ്പിക്കാമെന്ന കണക്കുകൂട്ടലിലാണ് ബിജെപി. 245 അംഗ രാജ്യസഭയില്‍ കേവല ഭൂരിപക്ഷമില്ലെങ്കിലും അംഗബലം നൂറിലെത്തിയതോടെയാണ് ബിജെപിയുടെ കരുത്തു വര്‍ദ്ധിച്ചത്.

അതേസമയം ആറ് സംസ്ഥാനങ്ങളില്‍നിന്നായി 13 രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍, പഞ്ചാബിലെ ഏകസീറ്റ് ബി.ജെ.പിക്ക് നഷ്ടമായിരുന്നു. എന്നാല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഹിമാചല്‍ പ്രദേശിലും പാര്‍ട്ടി നേട്ടമുണ്ടാക്കി. പഞ്ചാബിലെ അഞ്ചുസീറ്റുകളും ആം ആദ്മി പാര്‍ട്ടിയായിരുന്നു വിജയിച്ചത്. 2014-ല്‍ രാജ്യസഭയില്‍ 55 അംഗങ്ങള്‍ മാത്രമായിരുന്നു ബി.ജെ.പിക്ക് ഉണ്ടായിരുന്നത്. തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ ബി.ജെ.പി. അധികാരം പിടിച്ചതോടെ രാജ്യസഭയിലെ അംഗസംഖ്യ ഉയരുകയായിരുന്നു.

Related Articles

Latest Articles