കോട്ടയം: മാസപ്പടി വിവാദത്തിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണത്തിനെതിരെ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻറെ കമ്പനിയായ എക്‌സാലോജിക് കർണാടക ഹൈക്കോടതിയെ സമീപിച്ചതിനു പിന്നിൽ പ്രതിപക്ഷനേതാവ് വി. ഡി. സതീശന്റെ ബുദ്ധിയാണെന്ന ഗുരുതര ആരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. യുഡിഎഫിന്റെ ഉന്നത നേതാക്കൾക്കും സിഎംആർഎല്ലിൽ നിന്ന് മാസപ്പടി കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
“മുഖ്യമന്ത്രിയുടെ മകളെ മുൻനിർത്തി അന്വേഷണം അവസാനിപ്പിക്കേണ്ടത് യുഡിഎഫിന്റെ ആവശ്യമാണ്. കാരണം, സിഎംആർഎൽ, കെഎസ്ഐഡിസി, എക്സാലോജിക് എന്നീ മൂന്ന് സ്ഥാപനങ്ങളും എസ്എഫ്ഐഒ. അന്വേഷണ പരിധിയിൽ വരും. സിഎംആർഎല്ലിലേക്ക് അന്വേഷണമെത്തിയാൽ യുഡിഎഫ് നേതാക്കളിലേക്കും അന്വേഷണമെത്തും. കാരണം യുഡിഎഫിന്റെ ഉന്നത നേതാക്കൾക്കും സിഎംആർഎല്ലിൽ നിന്ന് മാസപ്പടി കിട്ടിയിട്ടുണ്ട്.
ഇതൊഴിവാക്കാൻ വിഡി സതീശന്റെ വളഞ്ഞ ബുദ്ധിയാണ് കർണാടക ഹൈക്കോടതിയെ സമീപിക്കാനുള്ള നീക്കത്തിനു പിന്നിൽ. മാസപ്പടി കിട്ടിയ മുഴുവൻ നേതാക്കളുടെയും പേര് ഇനിയും പുറത്തുവന്നിട്ടില്ല. സിപിഎം ഇതുവരെ പറഞ്ഞിരുന്നത് ഏത് അന്വേഷണവും വരട്ടെയെന്നാണ്. എന്നാൽ, മുഖ്യമന്ത്രിയും മകളും പറയുന്നത് അന്വേഷണം വേണ്ടെന്നാണ്. ഇത് പാർട്ടി നയമാണോയെന്ന് സിപിഎം കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങൾ വ്യക്തമാക്കണം. ഒന്നും മറച്ചുവയ്ക്കാനില്ലെങ്കിൽ അന്വേഷണം തടസ്സപ്പെടുത്തുന്നത് എന്തിനാണ് ?
കേസിൽ പിണറായി വിജയൻ രക്ഷപ്പെടേണ്ടത് യുഡിഎഫ് നേതാക്കളുടെ ആവശ്യമാണ്. മാസപ്പടി കേസ് നിയമസഭയിൽ ചർച്ചചെയ്യാതിരിക്കാൻ ഗൂഢാലോചന നടത്തിയയാളാണ് പ്രതിപക്ഷ നേതാവ്. മുഖ്യമന്ത്രിക്കുവേണ്ടി വിടുപണിചെയ്യുന്ന മറ്റൊരു പ്രതിപക്ഷനേതാവും കേരളത്തിലുണ്ടായിട്ടില്ല. അദ്ദേഹം പിണറായി വിജയന്റെ ഏജന്റാണ്.
പി.വി.നരസിംഹ റാവുവിന് ഭാരതരത്ന നൽകിയതിൽ തെറ്റില്ല. പ്രഗത്ഭനായ ഭരണാധികാരിയായിരുന്നു അദ്ദേഹം. നരസിംഹറാവുവിന്റെ ഭരണകാലത്ത് സോണിയ ഗാന്ധിയുടെ ആളുകളാണ് അഴിമതി നടത്തിയത്. നരസിംറാവുവിനെതിരേ ഒരു കേസിലും അഴിമതി തെളിഞ്ഞിട്ടില്ല. യുപിഎ സർക്കാരിന്റെ കാലത്ത് എല്ലാ അഴിമതിയുടേയും കമ്മിഷൻ വന്നിരുന്നത് നമ്പർ 10 ജൻപഥിലേക്കായിരുന്നു” – കെ. സുരേന്ദ്രൻ ആരോപിച്ചു.

