Tuesday, April 23, 2024
spot_img

ഭാരത് മാതാ കീ ജയ്’, ‘വന്ദേമാതരം’ വിളികളുമായി തമിഴ്നാട്ടിൽ പ്രധാനമന്ത്രിയെ സ്വീകരിച്ച് ആയിരക്കണക്കിന് ബിജെപി പ്രവർത്തകർ; ചെന്നൈ സന്ദർശനം ചരിത്രപരമെന്നും സംസ്ഥാനം ഭരണമാറ്റത്തിന് തയ്യാറാണെന്നും കെ. അണ്ണാമലൈ

 

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്‌നാട്ടിൽ സന്ദർശനം നടത്തിയതിന് പിന്നാലെ പ്രതികരണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ അണ്ണാമലൈ. ‘ഭാരത് മാതാ കീ ജയ്’, ‘വന്ദേമാതരം’ വിളികളുമായി ആയിരക്കണക്കിനാളുകൾ ചേർന്നാണ് ചെന്നൈയിലെത്തിയ പ്രധാനമന്ത്രിയെ സ്വീകരിച്ചതെന്നും ബിജെപിയുടെ പതാക ഉയർത്തിപ്പിടിച്ച ഓരോ പ്രവർത്തകരും നരേന്ദ്രമോദിക്ക് ഉജ്ജ്വല സ്വീകരണം നൽകിയെന്നും. ഇത് ചരിത്രപരമാണെന്നും സംസ്ഥാനമിപ്പോൾ ഒരു രാഷ്‌ട്രീയ മാറ്റത്തിന് തയ്യാറാണെന്നും കെ. അണ്ണാമലൈ പറഞ്ഞു

സംസ്ഥാനത്ത് 5 റെയിൽവേ സ്റ്റേഷനുകളുടെ നവീകരണം ഉൾപ്പെടെ 31,500 കോടി രൂപയുടെ 11 പദ്ധതികൾക്കാണ് പ്രധാനമന്ത്രി മോദി തമിഴ്നാട്ടിൽ തറക്കല്ലിട്ടത്. ഗവർണർ ആർ.എൻ രവി, മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണവ്, നിതിൻ ഗഡ്കരി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ.

തുടർന്ന് 2,960 കോടി രൂപ ചെലവിൽ നിർമിച്ച 5 പദ്ധതികൾ പ്രധാനമന്ത്രി രാജ്യത്തിനായി സമർപ്പിച്ചു. വിനോദസഞ്ചാരത്തെ സുഗമമാക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന മധുര-തേനി റെയിൽപ്പാതയും ഇതിൽ ഉൾപ്പെടുന്നുണ്ട്. 500 കോടിയിലധികം രൂപ ചെലവിലാണ് ഇതിന്റെ നിർമാണം.

അതേസമയം കഴിഞ്ഞ വർഷം ഡിഎംകെ അധികാരത്തിലെത്തിയ ശേഷം പ്രധാനമന്ത്രി മോദി നടത്തുന്ന തമിഴ്‌നാട്ടിലെ ആദ്യ ഔദ്യോഗിക സന്ദർശനമാണിത്. 2021 മെയ് 7-നായിരുന്നു തമിഴ്‌നാട് മുഖ്യമന്ത്രിയായി എം.കെ സ്റ്റാലിൻ അധികാരമേറ്റത്.

Related Articles

Latest Articles