Monday, April 29, 2024
spot_img

യുവ വോട്ടർമാരെ ലക്ഷ്യമിട്ട് ബി.ജെ.പിയുടെ “നവ് മത് ദാത്” സമ്മേളനം, ദക്ഷിണേന്ത്യയിൽ അനിൽ ആൻ്റണിക്ക് ചുമതല

ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുവ വോട്ടര്‍മാരെ ലക്ഷ്യമിട്ട് ബി.ജെ.പി. ജനുവരി 24ലെ ദേശീയ സമ്മതിദാന ദിനത്തില്‍ രാജ്യമൊട്ടാകെ അയ്യായിരം ഇടങ്ങളില്‍ യോഗം സംഘടിപ്പിക്കും. കേരളത്തില്‍ നൂറ്റി നാല്പത് നിയോജക മണ്ഡലങ്ങളിലും പരിപാടി സംഘടിപ്പിക്കാനാണ് തീരുമാനം. കോളേജ് വിദ്യാര്‍ത്ഥികള്‍ മുതല്‍ യുവ വൈദികരിലേക്ക് വരെ പ്രചാരണം എത്തിക്കാന്‍ ദില്ലിയില്‍ ജെ.പി. നദ്ദ വിളിച്ച യോഗത്തില്‍ യുവജന സംഘടനകള്‍ക്ക് നിര്‍ദേശം നല്‍കി. രാജ്യവ്യാപകമായി 5000 ഇടങ്ങളിലാണ് ‘നവ് മത് ദാതാ’ സമ്മേളന്‍ സംഘടിപ്പിക്കുന്നത്. കേരളത്തില്‍ 140 നിയോജക മണ്ഡലങ്ങളിലും യോഗം സംഘടിപ്പിക്കും. യുവമോര്‍ച്ചയ്ക്കാണ് സംഘാടന ചുമതല.

അനില്‍ ആൻ്റണിക്കാണ് ദക്ഷിണേന്ത്യയില്‍ നവ് മത് ദാതാ സമ്മേളനത്തിൻ്റെ ഏകോപന ചുമതല. പരിപാടിക്ക് മുന്നോടിയായി ജനുവരി 12 ന് സംവാദ സദസ്സ് ജില്ലാ അടിസ്ഥാനത്തില്‍ സംഘടിപ്പിക്കും. കോളേജ് വിദ്യാര്‍ത്ഥികള്‍, ആദിവാസികള്‍, വിവിധ ജനവിഭാഗങ്ങളിലെ പ്രമുഖര്‍ എന്നിവരെ ബി.ജെ.പി നേതാക്കള്‍ സന്ദര്‍ശിക്കുന്ന പ്രചാരണത്തിനും ഈമാസം തുടക്കമിടും. ക്രൈസ്തവ വൈദിക വിദ്യാര്‍ത്ഥികളിലേക്കും പ്രചാരണം എത്തിക്കും.

ഓരോ പരിപാടിയിലും ആയിരം യുവ വോട്ടര്‍മാരെ എത്തിക്കാനാണ് കേന്ദ്ര നേതൃത്ത്വം കേരള ഘടകത്തിന് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഭരണത്തിലുള്ള സംസ്ഥാനങ്ങളില്‍ ഒരു മണ്ഡലത്തില്‍ രണ്ട് വീതം പരിപാടികള്‍ നടത്തും. ഇതുവഴി രാജ്യത്തെ 50 ലക്ഷം യുവ വോട്ടര്‍മാരിലേക്ക് പ്രചാരണമെത്തിക്കുകയാണ് ലക്ഷ്യം. അന്നേദിവസം സമ്മതിദാനാവകാശം വിനിയോഗിക്കേണ്ടതിൻ്റെ പ്രധാന്യത്തെകുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം ഓരോ വേദിയിലും പ്രദര്‍ശിപ്പിക്കും.

Related Articles

Latest Articles