Sunday, June 16, 2024
spot_img

തൃശ്ശൂരിൽ മകനെ ദേഹത്ത് കെട്ടി അമ്മ പുഴയിൽ ചാടി; യുവതിക്കും നാല് വയസുകാരനും ദാരുണാന്ത്യം; ആത്മഹത്യക്ക് പിന്നിൽ കുടുംബ പ്രശ്നങ്ങളെന്ന് പ്രാഥമിക നിഗമനം.

തൃശ്ശൂര്‍: തൃശ്ശൂര്‍ കേച്ചേരി കൂമ്പുഴയില്‍ യുവതിയുടെയും നാല് വയസ്സുള്ള കുഞ്ഞിന്‍റെയും മൃതദേഹം കണ്ടെത്തി. ചിറനെല്ലൂര്‍ പുതുവീട്ടില്‍ ഹസ്ന, മകന്‍ റൊണാഖ് ജഹാന്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബ പ്രശ്നങ്ങളെത്തുടര്‍ന്നുള്ള ആത്മഹത്യയെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

രാവിലെ പതിനൊന്നരയോടെയാണ് കൂമ്പുഴ പാലത്തിന് സമീപത്തെ പുഴയില്‍ നിന്ന് അമ്മയെയും കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ മൃതദേഹമാണ് നാട്ടുകാര്‍ ആദ്യം കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ തൊട്ടടുത്ത് നിന്ന് യുവതിയുടെ മൃതദേഹവും കണ്ടെത്തി. യുവതിയുടെ അരയില്‍ തുണികൊണ്ടുള്ള കെട്ടുണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. മകനെ അരയില്‍ ബന്ധിച്ചശേഷം പുഴയില്‍ ചാടിയതാകാമെന്നാണ് പൊലീസിന്‍റെ അനുമാനം. പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്ത് കുന്നംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത്. അപ്പോഴും മരിച്ചതാരാണെന്ന് വ്യക്തമായിരുന്നില്ല.

പിന്നീട് കുന്നംകുളം എരുമപ്പെട്ടി, വടക്കാഞ്ചേരി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും കാണാതായവരെപ്പറ്റിയുള്ള വിവരം പൊലീസ് ശേഖരിക്കുന്നതിനിടെ രാവിലെ യുവതിയെയും മകനെയും കൂമ്പുഴ പാലത്തിനടുത്ത് കണ്ടെന്ന് പന്തുകളിക്കാന്‍ പോയ കുട്ടികള്‍ വിവരം നല്‍കി. പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് അമ്പത് മീറ്റര്‍ മാത്രം അകലെയുള്ള അംഗനവാടി ടീച്ചറായ ഹസ്നയെയും മകനെയും കാണാനില്ലെന്ന വിവരം അറിയുന്നത്. ഇരുവരെയും അന്വേഷിച്ച് ഹസ്നയുടെ ഉമ്മ അംഗന്‍വാടിയില്‍ വന്നിരുന്നു.

കുട്ടിയെ അംഗന്‍വാടിയില്‍ വിട്ടശേഷം വില്ലേജ് ഓഫീസില്‍ പോയിവരാമെന്ന് പറഞ്ഞിറങ്ങിയതായിരുന്നു ഹസ്ന. ഭര്‍ത്താവുമായി വഴക്കുകൾ ഉണ്ടായിരുന്നു. സഹോദരന്‍റെ ഒപ്പമായിരുന്നു ഇവരുടെ താമസം. കുടുംബ വിഷയങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമായി പറയുന്നത്. സംസാരിക്കാന്‍ ബുദ്ധിമുട്ടും കേള്‍വിശക്തി കുറവുമുള്ള കുട്ടിയാണ് നാല് വയസ്സുള്ള ജഹാന്‍. മൃതദേഹം പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

Related Articles

Latest Articles