Tuesday, April 30, 2024
spot_img

ബോളിവുഡിന് മേൽ സൗത്ത് ഇന്ത്യൻ സിനിമകളുടെ സർവാധിപത്യം

എന്താണ് ബോളിവൂഡിന് സംഭവിക്കുന്നത്?
കാന്താര അടക്കമുള്ള ദക്ഷിണേന്ത്യൻ സിനിമകൾ ഇന്ത്യ മുഴുവൻ തകർത്തോടുമ്പോൾ, ബോളിവുഡിൽ ഈ ആഴ്ചയും റിലീസ് ചെയ്ത സിനിമകൾ എല്ലാം ഫ്ളോപ്പുകൾ ആണ്.. ഇത് ഒരു വാരാന്ത്യത്തിലെ കാര്യമല്ല.. കുറച്ചു കാലത്തോളമായി തുടർച്ചയായി നടക്കുന്ന കാര്യമാണ്. എന്താണതിന് കാരണം? ഒറ്റ വാക്കിൽ പറഞ്ഞാൽ നല്ല സിനിമകൾ ഉണ്ടാവുന്നില്ല എന്നത് തന്നെയാണ്. ഈ ആശയദാരിദ്രവും ജീർണ്ണതയുമൊന്നും ഒരു ചുരുങ്ങിയ കാലയളവിൽ ഉണ്ടായിട്ടുള്ളതല്ല. വര്ഷങ്ങളായി നടക്കുന്നതാണ്.
നല്ല ഒരു സിനിമ ഉണ്ടാവണമെങ്കിൽ, അതിൽ ജീവിതം ഉണ്ടായിരിക്കണം. ആ ജീവിതം തിരിച്ചറിയണമെങ്കിൽ അതിന് അനുഭവങ്ങളുടെ പശ്ചാത്തലം വേണം. മികച്ച സിനിമകൾ ഉണ്ടാവുന്നത് ജീവിതാനുഭവങ്ങളിൽ നിന്നുള്ള പ്രചോദനം ഉൾക്കൊണ്ടു കൊണ്ടാണ്. എന്നാൽ ബോളിവുഡിന്റെ ഇപ്പോഴത്തെ സാഹചര്യത്തെക്കുറിച്ച് പറയുകയാണെങ്കിൽ നിലവിൽ സജീവമായിട്ടുള്ള ഒട്ടുമിക്ക സംവിധായകർക്കും തിരക്കഥാകൃത്തുക്കൾക്കുമൊക്കെ പ്രചോദനത്തിനായി പുറമേക്ക് നോക്കേണ്ടി വരുന്നു എന്നതാണ്. ജീവിതം കണ്ടും അരിഞ്ഞുമുള്ള അനുഭവങ്ങൾ ഇല്ലാത്തത് കൊണ്ടാണ് അവർ ദക്ഷിണേന്ത്യൻ ഹോളിവുഡ് റീമെയ്ക്കുകൾക്കൊക്കെ പിറകെ പോവുന്നത്.
പൃഥ്വിരാജ് കപൂർ മുംബൈയിലെത്തിയപ്പോൾ അദ്ദേഹത്തിന് സമ്പന്നവും വൈവിധ്യപൂർണ്ണവുമായ അനുഭവങ്ങളുണ്ടായിരുന്നു. എന്നാൽ തലമുറകൾക്ക് ശേഷം അത് കരീന കപൂറിലെത്തി നിൽക്കുമ്പോൾ, അവർക്ക് ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളും എങ്ങിനെയാണ് ജീവിക്കുന്നത് എന്നതിനെക്കുറിച്ച് ഒരു സൂചനയും ഇല്ല.. തെരുവിലെ ആളുകളുമായി പരിചയമില്ല. അവർക്ക് വേണ്ടി സിനിമകൾ നിർമ്മിക്കുന്ന കരൺ ജോഹറിനും, ആയാൻ മുക്കർജ്ജിക്കും ഒന്നും അതില്ല. അവർ ജനിച്ചതും വളർന്നതും സുഖലോലുപതയുടെ മടിത്തട്ടിലാണ്. വിദ്യാഭ്യാസം ഇന്ത്യക്ക് പുറത്താണ്. സൗഹൃദങ്ങളും ഇടപഴകലും ഉപരിവർഗ്ഗത്തിലെ സമശീർഷരോടാണ്. അവരുടേത് എന്ത് അനുഭവങ്ങളാണ്? അനുരാഗ് കശ്യപും, തിഗ്മാൻഷു ദുലിയയുമൊക്കെ ബോളിവുഡിൽ വരുമ്പോൾ അവർക്ക് അനുഭവങ്ങളുണ്ടായിരുന്നു. ഇപ്പോൾ അവയും ചുഴിയിൽ വീണു. ജീവിതങ്ങൾ ഉണ്ടാവുന്നത് തെരുവിലാണ്. അത് വായിക്കുന്ന പുസ്തകങ്ങളിലോ പാർട്ടികളിലോ അല്ല. മംഗലാപുരത്ത് നിന്നും ഷെട്ടിമാർ ട്രെയിൻ കയറി ബംഗളൂരുവിൽ എത്തിയപ്പോൾ അവരുടെ കൂടെ ഒരു മാറാപ്പുണ്ടായിരുന്നു. അവരുടെ നാടിന്റെ, നാട്ടുകാരുടെ, മണ്ണിന്റെ, ഹൃദയത്തുടിപ്പുകളുടെ, അനുഭവങ്ങളുടെ, അറിവുകളുടെ, മാറാപ്പ്. അതാണ് കാന്താരയുടെ രൂപത്തിലും ഗരുഡ ഗമന ഋഷഭ വാഹനയുടെ രൂപത്തിലുമൊക്കെയായി അവർ സ്ക്രീനിലേക്ക് പകർത്തിയത്. അനുഭവിച്ചറിയുന്ന ജീവിതങ്ങളോടൊപ്പം ഈ നാടിന്റെ ജനതയുടെ ചരിത്ര പശ്ചാത്തലവും മനസ്സിലാക്കണം.
നമ്മുടെ അതിസമ്പന്നമായ സംസ്കാരം, പാരമ്പര്യം, ജീവിതശൈലി എന്നിവയിൽ ഉറച്ചുനിന്നാൽ കണ്ടെത്താനാകുന്ന നിരവധി കൗതുകകരമായ കഥകളുണ്ട്. ഹിന്ദി ഹൃദയഭൂമി കഥകളുടെയും ഇതിവൃത്തങ്ങളുടെയും സുവർണ്ണ ഖനിയാണെന്ന് ബോളിവുഡ് ഇതുവരെ അംഗീകരിച്ചിട്ടില്ല. അവരുടെ ചരിത്രവും സംസ്കാരവുമൊക്കെ പരമാവധി മുഗളന്മാർക്ക് ചുറ്റും കിടന്ന് കളിച്ചു. എന്നാൽ അതിനുമപ്പുറമുള്ള ആഴവും പരപ്പുമുള്ള ചരിത്രം ഭാരതത്തിനുണ്ടെന്ന് അവർ ഇതുവരെ മനസ്സിലാക്കാൻ ശ്രമിച്ചിട്ടില്ല. അത് മനസ്സിലാക്കാനും സ്വായത്തമാക്കാനും ബോളിവുഡ് എപ്പോഴൊക്കെ ശ്രമിച്ചിട്ടുണ്ടോ അപ്പോഴൊക്കെ മികച്ച സൃഷ്ടികൾ ഉണ്ടായിട്ടുണ്ട്. പ്രേക്ഷർ നെഞ്ചിലേറ്റിയിട്ടുണ്ട്. ഉദാഹരണത്തിന് ‘തുംബാദ്‌’ എന്തൊരു സിനിമയാണെന്ന് നോക്കൂ.
ഇനി ബോളിവുഡ് രക്ഷപ്പെടണമെങ്കിൽ ഫിലിം മേക്കേഴ്‌സ് ബോംബെ വിടണം. ഹിന്ദി ഹൃദയഭൂമിയിലേക്ക് കടക്കണം. റാഞ്ചിയിലും, ബാരാബങ്കിയിലും, ബേഗുസരായിയിലും, ഉത്തരാഖണ്ഡിലും, ബുന്ദേൽ ഖണ്ഡിലുമൊക്കെയുള്ള മനുഷ്യരെ കാണണം. അവരോടു സംവദിക്കണം. അവരുടെ ജീവിതം മനസ്സിലാക്കണം. എന്നിട്ട് സിനിമ ഉണ്ടാക്കണം. അവിടെയാണ് കഥകളുള്ളത്. നിങ്ങൾ ഇതുവരെ പറയാത്ത അറിയാത്ത കഥകളുള്ളത്

Related Articles

Latest Articles