Sunday, October 4, 2026

മുസ്ലിംലീഗ് ഓഫീസിന് നേരെ വീണ്ടും ബോംബേറ്; പിന്നിൽ സി.പി.എം പ്രവര്‍ത്തകരെന്ന് ലീഗ് കേന്ദ്രങ്ങള്‍

കണ്ണൂര്‍: ബക്കളത്ത് മുസ്ലിംലീഗ് ഓഫീസിന് നേരെ വീണ്ടും ബോംബേറ്. ബോംബ് പൊട്ടിത്തെറിച്ച്‌ ഓഫീസിന്റെ മേല്‍പ്പുരയുടെ ഓടുകളും ഗോവണിയും ഷട്ടറും ഓഫീസിനകത്തെ ഫര്‍ണിച്ചറുകളും നശിച്ചു. സംഭവത്തിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് ലീഗ് കേന്ദ്രങ്ങള്‍ ആരോപിച്ചു. ബുധനാഴ്ച രാത്രി 11.30 ഓടെയായിരുന്നു സംഭവം.

ശക്തമായ സ്‌ഫോടന ശബ്ദം കേട്ടാണ് നാട്ടുകാര്‍ സ്ഥലത്തെത്തിയത്. കഴിഞ്ഞ ഏപ്രില്‍ 25ന് പുലര്‍ച്ചെയും സമാനമായ രീതിയില്‍ ഓഫീസിന് നേരെ ബോംബാക്രമണം നടന്നിരുന്നു. അന്ന് ഓഫീസിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിരുന്നില്ല. എന്നാല്‍, ഓഫീസിന്റെ താഴെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ലീഗ് പ്രവര്‍ത്തകന്‍ കെ.അഷ്റഫിന്റെ ചിക്കന്‍ സ്റ്റ‌‌‌റാളിന്റെ മേല്‍പുര തകര്‍ന്നു വീഴുകയും കാര്യമായ നാശനഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു.

ബക്കളത്ത് കഴിഞ്ഞ മാര്‍ച്ച്‌ ഏഴിനാണ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക ലീഗ് ഓഫീസ് ഉദ്ഘാടനം ചെയ്തത്. ലീഗ് ഓഫീസിന് നേരെ അക്രമം നടന്നതിന് പിന്നാലെ സി.പി.എമ്മിന്റെ മടയിച്ചാലിലുള്ള ബക്കളം നോര്‍ത്ത് ബ്രാഞ്ച് ഓഫീസിന് നേരെയും ആക്രമണം നടന്നിരുന്നു. പിന്നീട് തളിപ്പറമ്പ് സി.ഐ വിളിച്ചുചേര്‍ത്ത സമാധാന യോഗത്തില്‍ ഇരുവിഭാഗവും പ്രശ്‌നങ്ങളുണ്ടാക്കുന്നവരെ തള്ളിപ്പറയുമെന്നും സഹായം നല്‍കില്ലെന്നും ഉറപ്പ് നല്‍കിയിരുന്നു.

രണ്ട് അക്രമസംഭവങ്ങളിലും പ്രതികളെ ഇതേവരെ പൊലീസ് പിടികൂടിയിട്ടില്ല. ബോംബ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും ഉള്‍പ്പെട്ട സംഘം ആക്രമിക്കപ്പെട്ട ലീഗ് ഓഫീസില്‍ പരിശോധനയ്ക്കെത്തുമെന്ന് അറിയിച്ചിരുന്നു. അതുകൊണ്ട് ബോംബേറില്‍ തക‌ര്‍ന്ന കെട്ടിടത്തിന് അകത്തേക്ക് ആരെയും പ്രവേശിപ്പിച്ചില്ല. സി.ഐ അനില്‍കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

ബോംബാക്രമണം നടന്ന ലീഗ് ഓഫീസ് മുസ്ലിംലീഗ് കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുള്‍കരീം ചേലേരി, തളിപ്പറമ്പ് നിയോജകമണ്ഡലം നേതാക്കളായ സി.പി.വി. അബ്ദുള്ള, പി.വി. മുഹമ്മദ് ഇഖ്ബാല്‍, തളിപ്പറമ്പ് നഗരസഭാ ചെയര്‍മാന്‍ അള്ളാംകുളം മഹമ്മൂദ് എന്നിവര്‍ സന്ദര്‍ശിച്ചു.

Related Articles

Latest Articles