Saturday, May 4, 2024
spot_img

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സൻ രാജി വച്ചു; കെയർ ടേക്കർ പ്രധാനമന്ത്രിയായി തുടരും; രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായത് മന്ത്രിമാരുടെ കൂട്ടരാജിയെ തുടര്‍ന്ന്

ലണ്ടന്‍: ഒടുവിൽ ബ്രിട്ടൻ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ രാജിവച്ചു. കെയർ ടേക്കർ പ്രധാനമന്ത്രിയായി അദ്ദേഹം തുടരും. പ്രധാന മന്ത്രി പദവിയോടൊപ്പം പാർട്ടി നേതൃത സ്ഥാനവും രാജിവച്ചു. ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമെന്ന് ബോറിസ് ജോണ്‍സണ്‍ അറിയിച്ചിട്ടുണ്ടായിരുന്നു. ബ്രിട്ടനില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായത് മന്ത്രിമാരുടെ കൂട്ടരാജിയെ തുടര്‍ന്നാണ്. ഒന്നിന് പിറകെ ഒന്നായി വിവാദങ്ങൾ വേട്ടയാടുന്ന ബോറിസ് ജോൺസന് കനത്ത തിരിച്ചടിയാണ് മന്ത്രിമാരുടെ രാജിയോടെ ഉണ്ടായത്. ലൈംഗിക പീഡന പരാതികളിൽ ആരോപണ വിധേയനായ ക്രിസ് പിഞ്ചറെ ബോറിസ് ജോൺസൺ ചീഫ് വിപ്പായി നിയമിച്ചിരുന്നു. പുതിയ നേതാവിന് എല്ലാ പിന്തുണയും നൽകുമെന്നും പുതിയ നേതാവിനെ തെരഞ്ഞെടുക്കും വരെ സ്ഥാനത്ത് തുടരുമെന്നും ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. രാജി പ്രഖ്യാപനത്തോടെ മൂന്നു വര്‍ഷം നീണ്ട വിവാദഭരിതമായ ഭരണത്തിനാണ് അന്ത്യമായിരിക്കുന്നത്.

അനവധി ലൈംഗിക പീഡന പരാതികളിൽ ക്രിസ് പിഞ്ചർ ആരോപണ വിധേയന്‍ ആണെന്നിരിക്കെയാണ് പ്രധാനമന്ത്രി അദ്ദേഹത്തെ ചീഫ് വിപ്പായി നിയമിച്ചതെന്ന വിവരം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. തുടർന്ന് പിഞ്ചറെ നീക്കി. ഇക്കാര്യത്തിൽ പിന്നീട് പ്രധാനമന്ത്രി ബോറിസ് ജോൺസൺ രാജ്യത്തോട് മാപ്പും പറഞ്ഞെങ്കിലും പ്രതിഷേധം കടുത്തു. ഈ സാഹചര്യത്തിലാണ് ബോറിസ് ജോൺസൺ മന്ത്രിസഭയിലെ രണ്ട് മന്ത്രിമാര്‍ രാജി വെച്ചത്. ജനങ്ങൾ സർക്കാരിൽ നിന്ന് കൂടുതൽ ഉത്തരവാദിത്തവും മാന്യതയും പ്രതീക്ഷിക്കുന്നെന്നാണ് രാജിവെച്ച മന്ത്രിമാർ പറഞ്ഞത്. ധാർമികതയോടെ ഇനി മന്ത്രിസഭയിൽ തുടരാൻ കഴിയില്ലെന്നതിനാലാണ് രാജി നൽകിയതെന്നും ഇരുവരും വിശദീകരിച്ചിരുന്നു.

Related Articles

Latest Articles