Friday, October 9, 2026

വിസ ചട്ടങ്ങൾ ലംഘിച്ച് തെരുവുകളിൽ പലസ്തീൻ അനുകൂല പോസ്റ്ററുകൾ പതിപ്പിച്ചു! ബ്രിട്ടീഷ് ദമ്പതികളോട് രാജ്യം വിടാൻ ഉത്തരവിട്ട് കേന്ദ്രസർക്കാർ

അജ്മീർ : വിനോദസഞ്ചാര വിസയിൽ ഇന്ത്യയിലെത്തി പലസ്തീൻ അനുകൂല പോസ്റ്ററുകൾ പതിപ്പിച്ച രണ്ട് ബ്രിട്ടീഷ് പൗരന്മാരോട് അടിയന്തരമായി രാജ്യം വിടാൻ നിർദ്ദേശം നൽകി. രാജസ്ഥാനിലെ അജ്മീറിലെ വിവിധ പൊതുസ്ഥലങ്ങളിൽ ഇസ്രായേൽ വിരുദ്ധ-പലസ്തീൻ അനുകൂല സ്റ്റിക്കറുകൾ പതിപ്പിച്ചതിനെത്തുടർന്നാണ് അധികൃതരുടെ നടപടി. പുഷ്കറിൽ താമസിച്ചിരുന്ന ബ്രിട്ടീഷ് പൗരന്മാരായ ലൂയിസ് ഗബ്രിയേൽ, കാമുകി അനുഷി എമ്മ ക്രിസ്റ്റീൻ എന്നിവർക്കെതിരെയാണ് ഇന്റലിജൻസ് വിഭാഗത്തിന്റെ (CID/IB) റിപ്പോർട്ടിനെത്തുടർന്ന് നടപടിയെടുത്തത്.

കഴിഞ്ഞ ജനുവരി 21-നാണ് വിദേശികളായ ദമ്പതികൾ ഇത്തരത്തിൽ സ്റ്റിക്കറുകൾ പതിപ്പിക്കുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും പ്രാദേശിക സ്രോതസ്സുകളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയും ചെയ്ത ശേഷം ഇവരെ തിരിച്ചറിഞ്ഞു. അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് രാജേഷ് മീണയുടെ നേതൃത്വത്തിലുള്ള സംഘം ദമ്പതികളെ വിശദമായി ചോദ്യം ചെയ്തു. ടൂറിസ്റ്റ് വിസയിൽ എത്തുന്ന വിദേശികൾ രാജ്യത്ത് രാഷ്ട്രീയ പ്രവർത്തനങ്ങളിലോ പ്രതിഷേധങ്ങളിലോ പ്രത്യയശാസ്ത്രപരമായ പ്രചാരണങ്ങളിലോ ഏർപ്പെടുന്നത് വിസ ചട്ടങ്ങളുടെ ഗുരുതരമായ ലംഘനമാണെന്ന് അധികൃതർ വ്യക്തമാക്കി.

ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ആക്ട് പ്രകാരം ഇരുവരുടെയും വിസ റദ്ദാക്കുകയും ഉടൻ രാജ്യം വിടാൻ ആവശ്യപ്പെട്ട് ‘ലീവ് ഇന്ത്യ നോട്ടീസ്’ നൽകുകയും ചെയ്തു. ദമ്പതികൾ പതിപ്പിച്ച സ്റ്റിക്കറുകൾ പോലീസ് പിന്നീട് നീക്കം ചെയ്തു. വിസ നിബന്ധനകൾ ലംഘിക്കുന്ന വിദേശികളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. ഇത്തരം നടപടി നേരിടുന്നവർക്ക് ഭാവിയിൽ ഇന്ത്യയിലേക്ക് പ്രവേശിക്കുന്നതിന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയേക്കാം.

ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുന്ന സാഹചര്യത്തിലാണ് ഈ സംഭവം. പ്രതിരോധം, സാങ്കേതികവിദ്യ, സുരക്ഷാ മേഖലകളിൽ ഇരുരാജ്യങ്ങളും സഹകരണം വർദ്ധിപ്പിക്കാനിരിക്കെ, വിദേശ പൗരന്മാരുടെ ഇത്തരം നീക്കങ്ങളെ അതീവ ഗൗരവത്തോടെയാണ് സുരക്ഷാ ഏജൻസികൾ കാണുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉടൻ ഇസ്രായേൽ സന്ദർശിക്കുമെന്ന് സൂചനകളുള്ളതായും റിപ്പോർട്ടുകളുണ്ട്.

Related Articles

Latest Articles