Wednesday, May 8, 2024
spot_img

സമ്പൂർണ്ണ ഡിജിറ്റൽ ബജറ്റ്; പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും

ദില്ലി:പാർലമെന്റിന്റെ ബജറ്റ് (Central Budjet)സമ്മേളനത്തിന് ഇന്ന് തുടക്കമാകും. രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്റെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനങ്ങൾ ആരംഭിക്കുക. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി വിശദീകരിക്കുന്ന സാമ്പത്തിക സർവേ ഇന്നും പൊതുബജറ്റ് നാളേയും അവതരിപ്പിക്കും. അതേസമയം കോവിഡിന്റെയും യു.പി,പഞ്ചാബ് ഉൾപ്പെടെ അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകളുടെയും പശ്ചാത്തലത്തിൽ സമ്മേളനത്തിന്റെ ആദ്യഘട്ടം പത്തുദിവസമേ ഉണ്ടാകൂ.

രാഷ്ട്രപതി രാംനാഥ് കോവിന്ദ് സെൻട്രൽ ഹാളിൽ ചേരുന്ന ഇരുസഭകളുടേയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. രണ്ട് ഘട്ടമായാണ് ഇക്കുറി കേന്ദ്ര ബജറ്റ് സമ്മേളനം നടക്കുക. സമ്മേളനത്തിന്റെ ആദ്യ സെഷൻ ഫ്രബ്രുവരി 11 വരെ നീണ്ടു നിൽക്കും. രാഷ്‌ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയം പാസാക്കിയും ബജറ്റിന്റെ പൊതുചർച്ച നടത്തിയും ഫെബ്രുവരി 11 ന് ഒന്നാംഘട്ടം പിരിയും. സമ്മേളനത്തിന്റെ രണ്ടാം ഘട്ടം മാർച്ച് 14 ന് ആരംഭിച്ച് ഏപ്രിൽ എട്ടിന് അവസാനിക്കും. നികുതി നിർദേശങ്ങളും മറ്റുമടങ്ങിയ ധനകാര്യ ബിൽ രണ്ടാംഘട്ടത്തിലാണ് പാസാക്കുക.

കോവിഡ് സാഹചര്യത്തിൽ ഇരു സഭകളും വെവ്വേറെ സമയങ്ങളിലും അംഗങ്ങളെ പലയിടങ്ങളിൽ ഇരുത്തിയുമാണ് സമ്മേളിക്കുക. ബുധനാഴ്ച മുതൽ രാജ്യസഭ രാവിലെ ഒമ്പതുമുതൽ മൂന്നുവരെയും ലോക്‌സഭ വൈകിട്ട് നാലുമുതൽ രാത്രി ഒമ്പതുവരെയും ചേരും. അംഗങ്ങൾ ഇരുസഭകളുടെയും ചേംബറുകളിലും ഗ്യാലറികളിലും ഇരിക്കും. 2022-23 ലെ കേന്ദ്ര ബജറ്റ് ഫെബ്രുവരി 1 ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ കടലാസ് രഹിത രൂപത്തിൽ അവതരിപ്പിക്കും. ഇത് നിർമ്മലാ സീതാരാമന്റെ നാലാമത്തെ ബജറ്റ് പ്രഖ്യാപനമാണ്. 2021-22 ലെ യൂണിയൻ ബജറ്റും കടലാസ് രഹിതമായിരുന്നു.

Related Articles

Latest Articles