Sunday, May 5, 2024
spot_img

ബഫർ സോൺ; കേന്ദ്രത്തിന്റെ നടപടി കേരളത്തിന് ഗുണം ചെയ്യുമെന്ന് വനം മന്ത്രി എ. കെ. ശശീന്ദ്രൻ

തിരുവനന്തപുരം : കേന്ദ്ര സർക്കാരിന്റെ നടപടിയെ സ്വാഗതം ചെയ്ത് വനം മന്ത്രി എ. കെ. ശശീന്ദ്രൻ. ഒരു കിലോമീറ്റർ ചുറ്റളവിൽ നിർബന്ധമായും ബഫർ സോൺ വേണമെന്ന സുപ്രീം കോടതി വിധിയ്‌ക്കെതിരെ കേന്ദ്ര സർക്കാർ പുന പരിശോധനാ ഹർജി ഫയൽ ചെയ്ത നടപടിയെയാണ് വനം മന്ത്രി സ്വാഗതം ചെയ്തത്. കേന്ദ്ര സർക്കാരിന്റെ നടപടി കേരളത്തിന് ഗുണം ചെയ്യുന്നതാണെന്ന് ശശീന്ദ്രൻ പറഞ്ഞു.

കേരളം ഇതിനകം പുനഃപരിശോധനാ ഹർജി ഫയൽ ചെയ്തിട്ടുണ്ട്. ജനവാസ മേഖലകളെയും കൃഷിയിടങ്ങളും സ്ഥാപനങ്ങളും ബഫർ സോണിൽ നിന്നും ഒഴിവാക്കണം എന്നാണ് കേരളത്തിന്റെ ആവശ്യം. കേരളത്തിലെ പ്രത്യേക സാഹചര്യം സുപ്രീം കോടതിയെ ബോധ്യപ്പെടുത്താൻ കേന്ദ്രം ഫയൽ ചെയ്ത ഹർജി കൂടി ഉപകാരപ്രദം ആകുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.

വിധി നടപ്പിലാക്കി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാൽ ഭരണഘടന ഉറപ്പ് നൽകുന്ന ജീവിക്കാനുള്ള അവകാശത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കേരളം ഹർജി ഫയൽ ചെയ്തത്. ഇതിന് പുറമെ ഇത് വലിയ പ്രത്യാഘാതങ്ങൾക്ക് വഴിവയ്‌ക്കുമെന്നും കേരളം വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന ചീഫ് സെക്രട്ടറിയാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വിഭിന്നമാണ് കേരളത്തിലെ സാഹചര്യം. 2011 ലെ സെൻസസ് പ്രകാരം കേരളത്തിലെ ജനസാന്ദ്രത രാജ്യത്തെ ജനസാന്ദ്രതയുടെ രണ്ടിരട്ടിയാണ്. ചെറുതും വലുതുമായ പല ടൗൺ ഷിപ്പുകളും കേരളത്തിലെ വന്യജീവി സങ്കേതങ്ങൾക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങൾക്കും ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശത്ത് ഉണ്ടെന്നും ഹർജിയിൽ കേരളം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Related Articles

Latest Articles