Thursday, May 23, 2024
spot_img

പോലീസ് സംരക്ഷണത്തിലിരിക്കെ തിരുവാർപ്പിലെ ബസ് ഉടമയെ മർദിച്ച സംഭവം; സിഐടിയു നേതാവ് നേരിട്ട് ഹാജരാകാൻ നിർദേശിച്ച് ഹൈക്കോടതി

കൊച്ചി : പോലീസ് സംരക്ഷണത്തിലിരിക്കെ, കോട്ടയം തിരുവാർപ്പിൽ ബസ് ഉടമയെ മർദിച്ച സംഭവത്തിൽ സിഐടിയു നേതാവ് കെ.ആർ. അജയ് നേരിട്ട് ഹാജരാകാൻ ഹൈക്കോടതി നിർദേശം. തൊഴിൽ തർക്കത്തെ തുടർന്ന് പൊലീസ് സംരക്ഷണത്തിന് ഉത്തരവിട്ടിട്ടും ബസുടമ രാജ്മോഹനെ കെ.ആർ. അജയ് മർദിച്ച സംഭവത്തിലാണു ജസ്റ്റിസ് എൻ.നഗരേഷിന്റെ നടപടി. ഹർജി അടുത്ത മാസം രണ്ടിനു പരിഗണിക്കാൻ മാറ്റി.

തൊഴിലാളികൾക്ക് കൂലി വർധനവ് നടപ്പിലാക്കിയില്ലെന്നാരോപിച്ച് സിഐടിയു കൊടികുത്തി നടത്തിയ സമരത്തെത്തുടർന്ന് സർവീസ് മുടങ്ങിയിരുന്ന ബസ് സർവീസ് പൊലീസ് സംരക്ഷണയിൽ പുനരാരംഭിക്കാൻ ഹൈക്കോടതി നിർദ്ദേശം ലഭിച്ചതിനെത്തുടർന്ന് ഉടമ രാജ് മോഹൻ എത്തിയെങ്കിലും ബസിനു മുന്നിലെ കൊടി തോരണങ്ങൾ മാറ്റാത്തതിനാൽ സർവീസ് ആരംഭിക്കാനായില്ല. തുടർന്ന് പിറ്റേദിവസം തോരണങ്ങൾ മാറ്റാൻ ശ്രമിക്കുന്നതിനിനിടെയാണ് ബസ് ഉടമ രാജ്മോഹനു നേരെ തിരുവാർപ്പ് പഞ്ചായത്തംഗം കെ.ആർ. അജയ് ആണ് കയ്യേറ്റം നടത്തിയത്. ഇതിനെതിരെ പ്രതിഷേധിച്ച് കൊണ്ട് ബിജെപി പ്രവർത്തകർ രംഗത്ത് വന്നു.പിന്നാലെ കയ്യേറ്റം നടത്തിയ പഞ്ചായത്തംഗം അജയ്നെ അറസ്റ്റ് ചെയ്തു. ഇതിന്റെ രേഖ കാണിച്ചതോടെയാണ് കുമരകം പോലീസ് സ്റ്റേഷനു മുന്നിൽ ബിജെപി നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചത്.

പിന്നാലെ ബസ് സമരം ചർച്ച ചെയ്യാൻ വിളിച്ച യോഗത്തിൽ പോലീസിന്റെ കൺമുന്നിലിട്ട് തന്നെ ആക്രമിച്ച കെ.ആർ. അജയ് പങ്കെടുത്തതിനെ തുടർന്ന് ബസുടമ രാജ്മോഹൻ കൈമൾ ഇറങ്ങിപ്പോയിരുന്നു. പിന്നീട് ഇയാളെ ഒഴിവാക്കിയുള്ള ചർച്ചയിലാണ് സമരത്തിൽ സമവായമായത്.

ബസുടമയെ സിഐടിയു നേതാവ് അടിച്ച സംഭവത്തിൽ പോലീസിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. പോലീസ് സംരക്ഷണം നൽകാൻ കോടതി ഉത്തരവിട്ടിട്ടും നേതാവ് ബസുടമയെ അടിച്ചു. ഹൈക്കോടതിയുടെ കരണത്താണ് ആ അടിയെന്നാണ് കേസ് പരിഗണിക്കവേ ജസ്റ്റിസ് എൻ.നഗരേഷ് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് സിഐടിയു നേതാവിനോടു നേരിട്ട് ഹാജരാകാൻ നിർദേശിച്ചത്.

Related Articles

Latest Articles