Sunday, April 28, 2024
spot_img

കോവിഡ്‌ 19 :സംസ്ഥാനം നിശ്ചലാവസ്ഥയിലേക്ക്,പ്രധാന വരുമാന മാർഗ്ഗമായ ടൂറിസം മേഖല സീസണിൽ 200 കോടി നഷ്ടത്തിൽ ; ഉപജീവനം മുട്ടി ടാക്സിക്കാർ,വായ്പാ തിരിച്ചടവിന് മോറട്ടോറിയം പ്രഖ്യാപിക്കണമെന്നാവശ്യം.

കോവിഡ്‌–-19 ബാധയുടെ ആഘാതത്തിൽ നിശ്ചലമായി ടൂറിസം മേഖല. ഏപ്രിൽ 15 വരെ വിസനിയന്ത്രണം പ്രഖ്യാപിച്ചതിനാൽ വിദേശ വിനോദസഞ്ചാരികളുടെ വരവ് നിലച്ചു. വാ​ഗമൺ, മൂന്നാർ അടക്കമുള്ള വിനോദസഞ്ചാരകേന്ദ്രങ്ങൾ അടച്ചതോടെ ഹോംസ്റ്റേകളിലും ഹോട്ടലുകളിലും ബുക്കിങ്ങുകൾ ഇല്ലാതായി. ഹൗസ് ബോട്ടുകൾക്കും ആവശ്യക്കാരില്ല.

കൊച്ചി തുറമുഖത്ത് എത്തേണ്ടിയിരുന്ന ഒമ്പതു ക്രൂയിസ് കപ്പലുകളാണ് യാത്ര റദ്ദാക്കിയത്. ആഭ്യന്തര വിനോദസഞ്ചാരികളുടെ വരവും ഏതാണ്ട് നിലച്ചു. കോവിഡ്–-19 വ്യാപനം വർധിച്ചാൽ മാർച്ചുമുതൽ സെപ്തംബർവരെ കുറഞ്ഞത് 500 കോടി രൂപയുടെ ബിസിനസ്, ടൂറിസം മേഖലയിൽമാത്രം കുറയുമെന്നാണ് കണക്കാക്കുന്നത്. വലിയ കൺവൻഷനുകൾ മാറ്റിവയ്ക്കുന്നതുമൂലമുണ്ടാകുന്ന നഷ്ടത്തിനുപുറമെയാണിത്. 

പത്തുദിവസം കൊണ്ടുതന്നെ സംസ്ഥാന ടൂറിസം മേഖലയ്ക്ക് 200 കോടിയോളം രൂപയുടെ നഷ്ടം വന്നിട്ടുണ്ടെന്ന്  ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി) കേരള സ്റ്റേറ്റ് കൗൺസിൽ ടൂറിസം സബ് കമ്മിറ്റി കൺവീനർ യു സി റിയാസ് പറയുന്നു. സംസ്ഥാനത്തെ വലിയ ഹോട്ടലുകളെല്ലാം ഏതാണ്ട് അടച്ചുപൂട്ടിയ നിലയിലാണ്.

ഹോട്ടൽ, ടൂറിസം മേഖലയിൽ 15 ലക്ഷത്തിലധികംപേരാണ് നേരിട്ട് ജോലി ചെയ്യുന്നത്. അതിൽ 50 ശതമാനംപേരുടെ ജോലി  ഇപ്പോൾത്തന്നെ നഷ്ടമായി. പലർക്കും ശമ്പളം കൊടുക്കാൻ പറ്റുന്നില്ല. വിദേശത്തുനിന്നുള്ള ടൂറിസം ബിസിനസ് പഴയനിലയിലേക്ക് വരാൻ ഒന്നുരണ്ടുവർഷമെങ്കിലും എടുക്കും. സ്തംഭനത്തിലായ കേരളത്തിലെ ടൂറിസം മേഖലയെ രക്ഷപ്പെടുത്താൻ കേന്ദ്ര–-സംസ്ഥാന സർക്കാരുകൾ സഹായ പാക്കേജ് പ്രഖ്യാപിക്കണമെന്ന് ഫിക്കി പറയുന്നു.
അടുത്ത രണ്ടാഴ്ച കേരള ടൂറിസത്തിനും നിർണായകമാണെന്ന് സംസ്ഥാനത്തെ പ്രമുഖ ടൂറിസം വാണിജ്യ മേളയായ കേരള ട്രാവൽ മാർട്ടിന്റെ (കെടിഎം) സംഘാടകരായ കേരള ട്രാവൽ മാർട്ട് സൊസൈറ്റി പറയുന്നു. 

ടൂറിസം മേഖലയ്ക്ക് നേരിട്ടുള്ള ആഘാതമാണുണ്ടായത്. അറേബ്യൻ ട്രാവൽ മാർക്കറ്റുപോലെ അടുത്ത മാസങ്ങളിൽ നടക്കേണ്ട പല അന്താരാഷ്ട്ര ടൂറിസം പരിപാടികളും മാറ്റി. ഒന്നരവർഷത്തെ പരിശ്രമംകൊണ്ടാണ് കഴിഞ്ഞവർഷം 58 രാജ്യങ്ങളെ പങ്കെടുപ്പിച്ച് കേരള ട്രാവൽ മാർട്ട് സംഘടിപ്പിച്ചത്. ഈവർഷം സെപ്തംബറിൽ നടക്കേണ്ട ട്രാവൽ മാർട്ടിന് 250 അന്താരാഷ്ട്ര ടൂറിസം കമ്പനികളടക്കം 1200 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സാഹചര്യത്തിൽ മാറ്റംവന്നില്ലെങ്കിൽ സ്ഥിതി ​ഗുരുതരമാകും–- കെടിഎം ചീഫ് എക്സിക്യൂട്ടീഫ് ഓഫീസർ കെ എസ് ഷൈൻ പറഞ്ഞു.

ഉപജീവനം മുട്ടി ടാക്സിക്കാർ
ഒരുലക്ഷത്തിലധികം കുടുംബങ്ങളുടെ ഉപജീവനമാർ​ഗമായ ടാക്സി സർവീസ് മേഖലയും തളരുകയാണ്. കൊച്ചി  വിമാനത്താവളത്തിൽമാത്രം ആയിരത്തോളം ടാക്സി ഓടുന്നുണ്ട്. ഇവ ഏതാണ്ടെല്ലാംതന്നെ ഓട്ടമില്ലാതെ കിടക്കുകയാണ്. ആളുകൾ പൊതുയാത്രാസംവിധാനങ്ങൾ ഒഴിവാക്കുന്നതും ടാക്സികളുടെ ഓട്ടം ഇല്ലാതാക്കി. നിപയും രണ്ടു പ്രളയവും ദുരിതത്തിലാക്കിയ ജീവിതം ഇപ്പോൾ കൊറോണയോടെ നിലംപറ്റിയെന്ന് ട്രാവൽ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഓഫ് കേരള (ടോക്) പ്രസിഡന്റ് എം എസ് അനിൽകുമാർ പറഞ്ഞു.

‘വായ്പത്തിരിച്ചടവാണ് ഞങ്ങൾ നേരിടുന്ന ഒരു പ്രധാന പ്രശ്നം. അഞ്ചുലക്ഷം രൂപയുടെ വണ്ടി വാങ്ങിയിട്ടുള്ളയാൾക്ക് 15,000 രൂപയോളം പ്രതിമാസം ബാങ്കിൽ അടയ്ക്കേണ്ടിവരും. ടാക്സ് പോലുള്ള ചെലവ് വേറെയും. ഒരുമാസം ചുരുങ്ങിയത് 50,000 രൂപയെങ്കിലും കിട്ടിയാലേ പിടിച്ചുനിൽക്കാനാകൂ എന്നിരിക്കെ, ഒന്നുമില്ലാത്ത സ്ഥിതിയാണ്‌ നിലവിൽ’–- അനിൽകുമാർ പറഞ്ഞു.

ടൂറിസം കഴിഞ്ഞാൽ ഐടി മേഖലയാണ് ടാക്സി സർവീസുകളുടെ പ്രധാന ആശ്രയം. കൊച്ചി ഇൻഫോപാർക്ക്, തിരുവനന്തപുരം ടെക്നോപാർക്ക്, കോഴിക്കോട് സൈബർപാർക്ക് തുടങ്ങിയ ഐടി കമ്പനികൾ ജീവനക്കാരോട് വീട്ടിലിരുന്ന് ‍ജോലി ചെയ്യൻ നിർദേശിച്ചതോടെ ആ ഓട്ടവും ഇല്ലാതായി. ഒരുവർഷത്തെ നികുതി അടച്ചിരുന്നിടത്ത് 15 വർഷത്തെ നികുതി ഒരുമിച്ച് അടയ്ക്കണമെന്ന് വന്നതോടെ പലരും പണം കടംവാങ്ങി നികുതി അടച്ച് നിൽക്കുമ്പോഴാണ്  പ്രതിസന്ധിയിൽപ്പെട്ടത്. നിലവിലെ അവസ്ഥ പരിഗണിച്ച് വാഹനങ്ങളുടെ വായ്പത്തവണ അടയ്ക്കുന്നതിൽ താൽക്കാലിക മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന് ഇവർ പറയുന്നു.
 

Related Articles

Latest Articles