Thursday, October 1, 2026

പി വി അൻവറിന്റെ ആരോപണങ്ങളിൽ അന്വേഷണം നടക്കുന്നതിനിടയിൽ എം ആർ അജിത് കുമാറിന് സ്ഥാനക്കയറ്റം; പ്രതിസന്ധി ഘട്ടങ്ങളിൽ നിന്ന് നടന്നുകയറുന്നത് ഡിജിപി റാങ്കിലേക്ക്; അന്വേഷണം സ്ഥാനക്കയറ്റം തടയാൻ മതിയായ കരണമല്ലെന്ന് സ്ക്രീനിംഗ് കമ്മിറ്റി

തിരുവനന്തപുരം: പി വി അൻവർ ഉന്നയിച്ച ഗുരുതര ആരോപണങ്ങളിൽ അന്വേഷണം നേരിടുന്ന എഡിജിപി എം.ആര്‍ അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സ്‌ക്രീനിംഗ് കമ്മിറ്റിയുടെ ശുപാര്‍ശ മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു. ചീഫ് സെക്രട്ടറി, ഡിജിപി, ആഭ്യന്തര സെക്രട്ടറി, വിജിലൻസ് ഡയറക്ടർ എന്നിവരടങ്ങിയതാണ് ഐപിഎസ് സ്ക്രീനിംഗ് കമ്മിറ്റി. മാർച്ച് ഏപ്രിൽ മാസത്തോടെ പുതിയ പോലീസ് മേധാവി ചുമതലയേൽക്കും. സ്ഥാനക്കയറ്റം ലഭിക്കുന്നതോടെ പോലീസ് മേധാവിയാകാനുള്ള പരിഗണനാ പട്ടികയിൽ അജിത് കുമാറും ഉൾപ്പെടും. യുപിഎസ്‌സി ആണ് വിഷയത്തിൽ അന്തിമതീരുമാനമെടുക്കുക.

ആരോപണങ്ങളില്‍ എഡിജിപിയെ സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കുന്നുവെന്ന ആരോപണങ്ങള്‍ക്കിടെയാണ് സ്ഥാനകയറ്റം നല്‍കാന്‍ മന്ത്രിസഭ അംഗീകാരം നല്‍കിയത്.
അജിത്കുമാറിനെതിരെ ഇതുവരെ കേസൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല. നടക്കുന്നത് പ്രാഥമിക അന്വേഷണങ്ങൾ മാത്രമാണ്. ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിയെങ്കിലും സസ്‌പെൻഷൻ അടക്കമുള്ള നടപടികൾ അജിത്കുമാർ നേരിട്ടിട്ടില്ല. എന്നാൽ അനധികൃത സ്വത്ത് സമ്പാദന കേസിൽ രണ്ടാഴ്ചയ്ക്കുള്ളിൽ വിജിലൻസ് റിപ്പോർട്ട് സമർപ്പിക്കാനിരിക്കെയാണ് സ്ഥാനക്കയറ്റം. അന്വേഷണം നടക്കുന്നത് കൊണ്ട് മാത്രം സ്ഥാനക്കയറ്റം തടയാനാവില്ലെന്നാണ് സ്ക്രീനിംഗ് കമ്മിറ്റിയുടെ നിലപാട്.

Related Articles

Latest Articles