ബംഗളൂരു: കഫെ കോഫി ഡേ സ്ഥാപകനും കർണാടക മുൻ മുഖ്യമന്ത്രി എസ്.എം കൃഷ്ണയുടെ മരുമകനുമായ വി.ജി സിദ്ധാർഥിനെ പുഴയിൽ വീണ് കാണാതായി. തിങ്കളാഴ്ച രാത്രി മംഗളൂരുവിലെ നേത്രാവദി പുഴയിലാണ് കാണാതായത്. നേത്രാവദി പുഴയ്ക്കു കുറുകെയുള്ള പാലത്തിലാണ് സിദ്ധാർഥിനെ അവസാനമായി കണ്ടത്.
പുഴയിലേക്ക് ചാടി ജീവനൊടുക്കിയതാണെന്നാണ് കരുതുന്നത്. പോലീസും ഫയർഫോഴ്സും സ്ഥലത്ത് തിരച്ചിൽ തുടരുകയാണ്. കാറിൽ വീട്ടിലേക്കുപോകുന്നതിനിടെയാണ് സംഭവം ഉണ്ടായത്. പാലത്തിൽ എത്തിയപ്പോൾ കാർ നിർത്താൻ ഡ്രൈവറോട് ആവശ്യപ്പെട്ട സിദ്ധാർഥ് അൽപ്പസമയത്തിനകം എത്താമെന്നു പറഞ്ഞ് പുറത്തിറങ്ങി. എന്നാൽ മണിക്കൂറുകൾക്കു ശേഷവും തിരികെ എത്താതെയായതോടെ ഡ്രൈവർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഊര്‍ജിത അന്വേഷണത്തിന് മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ നിര്‍ദേശം നല്കി. എസ്.എം കൃഷ്ണയെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു.
രാജ്യത്തെ ഏറ്റവും വലിയ കാപ്പി കയറ്റുമതി കമ്പനിയുടെ ഉടമയാണ് സിദ്ധാർഥ്. 2017 സെപ്റ്റംബറിൽ ആദായനികുതിവകുപ്പ് സിദ്ധാർഥിന്റെ ഓഫീസിലും വീട്ടിലും റെയ്ഡ് നടത്തിയിരുന്നു. സിദ്ധാർഥിന്റെ കമ്പനിക്ക് 7000 കോടിയോളം ബാധ്യതയുണ്ടായിരുന്നതായി പോലീസ് പറയുന്നു.

