Friday, May 3, 2024
spot_img

മൂന്നാമങ്കത്തിലും വിജയം; കാനഡയിൽ ജസ്റ്റിൻ ട്രൂഡോ വീണ്ടും അധികാരത്തിലേക്ക്

ഒട്ടാവ: കാനഡയിൽ ജസ്റ്റിൻ ട്രൂഡോ വീണ്ടും അധികാരത്തിലേക്ക്. ഇത് മൂന്നാം തവണയാണ് പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് ട്രൂഡോ തെരഞ്ഞെടുക്കപ്പെടുന്നത്. പൊതു തെരഞ്ഞെടുപ്പിൽ ട്രൂഡോയുടെ ലിബറൽ പാർട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. പക്ഷെ ലിബറല്‍ പാര്‍ട്ടിക്ക് കേവല ഭൂരിപക്ഷം ലഭിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. തിങ്കളാഴ്ചയാണ് കാനഡയില്‍ തെരഞ്ഞെടുപ്പ് നടന്നത്. വരാനിരിക്കുന്നത് ശുഭകരമായ ദിവസങ്ങളെന്ന് ജസ്റ്റിൻ ട്രൂഡോ പ്രതികരിച്ചു.

കനേഡിയന്‍ പാര്‍ലമെന്റായ ഹൗസ് ഓഫ് കോമണ്‍സിലെ ആകെയുള്ള 338 സീറ്റുകളില്‍ ജസ്റ്റിൻ ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടിക്ക് 157 സീറ്റുകളാണ് ലഭിച്ചത്. 123 സീറ്റുകളാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേടിയതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഇത്തവണ തിരഞ്ഞെടുപ്പിലെ മങ്ങിയ പ്രചാരണവും കോവിഡ് മഹാമാരിയെ തുടര്‍ന്ന് വോട്ടര്‍മാരുടെ മനോഭാവത്തില്‍ വന്ന മാറ്റവും ട്രൂഡോയുടെ ഭൂരിപക്ഷത്തില്‍ കുറവുണ്ടാക്കിയെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

ജസ്റ്റിന്‍ ട്രൂഡോയുടെ അഥവാ ജസ്റ്റിന്‍ പിയറി ജെയിംസ് ട്രൂഡോ 1971 ഡിസംബര്‍ 25ന് കാനഡയിലെ ഒന്റാറിയോയിലാണ് ജനിച്ചത്. ലിബറല്‍ പാര്‍ട്ടി നേതാവായ ജസ്റ്റിന്‍ ട്രൂഡോ 2015ലാണ് ആദ്യമായി കാനഡയുടെ പ്രധാനമന്ത്രി പദത്തിലെത്തിയത്. നാല് തവണ കനേഡിയന്‍ പ്രധാനമന്ത്രിയായിരുന്ന പിയറി ട്രൂഡോയുടെ മകനാണ് ജസ്റ്റിന്‍ ട്രൂഡോ.

Related Articles

Latest Articles