Friday, May 10, 2024
spot_img

കനേഡിയൻ മണ്ണ് ഭീകരരുടെ താവളം, ട്രൂഡോയുടേത് തെളിവില്ലാത്ത ആരോപണം’: ഭാരതത്തിന് പിന്തുണയുമായി ശ്രീലങ്ക

ദില്ലി : ജൂണിൽ ഖാലിസ്ഥാനി വിഘടനവാദി ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ട സംഭവത്തിൽ ഭാരതത്തിന്റെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ കനേഡിയൻ പാർലമെന്റിൽ ആരോപിച്ചതിനെത്തുടർന്നുണ്ടായ ഭാരതം -കാനഡ നയതന്ത്ര സംഘർഷം തുടരുന്നതിനിടെ കാനഡയെ രൂക്ഷമായി വിമർശിച്ചും ഭാരതത്തെ പിന്തുണച്ചും ശ്രീലങ്ക. ഭീകരരുടെ സുരക്ഷിത താവളമായി കാനഡ മാറിയെന്നും പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ തെളിവില്ലാത്ത ആരോപണങ്ങളാണ് ഭാരതത്തിനെതിരെ ഉന്നയിക്കുന്നതെന്നും ശ്രീലങ്കൻ വിദേശകാര്യമന്ത്രി അലി സാബ്രി പറഞ്ഞു.

‘‘ചില ഭീകരർ കാനഡയെ സുരക്ഷിത താവളമായാണു കാണുന്നത്. കാനഡ പ്രധാനമന്ത്രി അന്യായമായ ആരോപണങ്ങളുമായി രംഗത്തുവന്നതു തെളിവിന്റെ യാതൊരു പിന്തുണയുമില്ലാതെയാണ്. ഇതേകാര്യം അവർ ശ്രീലങ്കയോടും ചെയ്തിരുന്നു. ശ്രീലങ്ക വംശഹത്യ നടത്തിയെന്ന അങ്ങേയറ്റത്തെ നുണയാണു കാനഡ പറഞ്ഞത്. ഞങ്ങളുടെ രാജ്യത്ത് യാതൊരു വംശഹത്യയുമില്ലെന്ന് എല്ലാവർക്കും അറിയാം. ഒരാളും മറ്റൊരു രാജ്യത്തിന്റെ കാര്യങ്ങളിലേക്കു തലയിടുകയോ എങ്ങനെ ഭരിക്കണമെന്ന് നിർദേശിക്കുകയോ ചെയ്യേണ്ടതില്ല. ഇന്ത്യൻ മഹാസമുദ്രമെന്ന മേൽവിലാസം വളരെ പ്രധാനപ്പെട്ടതാണ്. മേഖലയെ ശക്തിപ്പെടുത്താനായി ഒരുമിച്ച് നിൽക്കണം. അങ്ങനെയാണു സമാധാന അന്തരീക്ഷം സൃഷ്ടിക്കാനാവുക.’’– അലി സാബ്രി പറഞ്ഞു.

അതെ സമയം ഖലിസ്ഥാനി സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസിന്റെ (എസ്എഫ്ജെ) പ്രതിഷേധപ്രകടനം കണക്കിലെടുത്ത് കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മിഷനും കോൺസുലേറ്റുകൾക്കും സുരക്ഷ വർധിപ്പിച്ചു. ഭാരതത്തിൻെറ അതൃപ്തി കടുത്തതോടെ ഖാലിസ്ഥാൻ അനുകൂല ഫ്ളക്സുകളും ബാനറുകളും കനേഡിയൻ തെരുവുകളിൽ നിന്ന് നീക്കം ചെയ്യാൻ ആരംഭിച്ചിരുന്നു. എങ്കിലും ജസ്റ്റിൻ ട്രൂഡോ തന്റെ ആരോപണങ്ങളിൽ ഉറച്ചു നിൽക്കുകയാണ്.

Related Articles

Latest Articles