Sunday, June 16, 2024
spot_img

തലസ്ഥാനത്ത് മൂന്ന് മാദ്ധ്യമ പ്രവർത്തകർക്കെതിരെ കൂടി കേസ്, ഇത്തവണ ഡി.ജി.പിയുടെ വസതിയിൽ മഹിളാ മോർച്ച പ്രതിഷേധം തത്സമയം റിപ്പോർട്ട് ചെയ്തതിന്

തിരുവനന്തപുരം- മാദ്ധ്യമപ്രവര്‍ത്തകര്‍ക്കെതിരായ പോലീസ് നടപടിയില്‍ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെ തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന മൂന്ന് മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് കൂടി പോലീസ് നോട്ടീസ് അയച്ചു. ഡി.ജി.പിയുടെ ഔദ്യോഗിക വസതിയില്‍ മഹിളാമോര്‍ച്ച നടത്തിയ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്ത മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെയാണ് നടപടി. നേരത്തെ നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഷൂ എറിഞ്ഞ സംഭവത്തിൽ ഒരു സ്വകാര്യ ചാനലിലെ വനിതാ റിപ്പോർട്ടർക്കെതിരെ കേസ് എടുത്തിരുന്നു.

ജനം ടി.വി റിപ്പോര്‍ട്ടര്‍ രശ്മി കാര്‍ത്തിക, ക്യാമറമാന്‍ നിഥിന്‍ എ.ബി, ജന്മഭൂമി ഫോട്ടോഗ്രാഫര്‍ അനില്‍ ഗോപി എന്നിവര്‍ക്കാണ് മ്യൂസിയം പോലീസ് നോട്ടീസ് നല്‍കിയത്. വെള്ളിയാഴ്ച രാവിലെ 11 മണിയ്ക്ക് ചോദ്യം ചെയ്യാന്‍ ഹാജരാകാനാണ് നിര്‍ദേശം. ഡി.ജി.പിയുടെ ഔദ്യോഗിക വസതിയില്‍ അതിക്രമിച്ച് കയറി എന്നതാണ് ഇവർക്കെതിരെയുള്ള കുറ്റം.

വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പോലീസിന്റെ വീഴ്ച ആരോപിച്ചാണ് ഡി.ജി.പിയുടെ വസതിയിലേക്ക് മഹിളാ മോർച്ച പ്രവർത്തകർ നടത്തിയത്. രാവിലെ 10 മണിയോടെ അഞ്ച് മഹിളാ മോർച്ച പ്രവർത്തകർ വീട്ടുവളപ്പിലെ മതിൽ ചാടിക്കടന്നത് തത്സമയം റിപ്പോർട്ട് ചെയ്തതിനാണ് മാദ്ധ്യമ പ്രവർത്തകർക്കെതിരെ കേസ് എടുത്തത്.

Related Articles

Latest Articles