കൊച്ചി: തൊണ്ടിമുതലില്‍ കൃത്രിമം നടത്തിയെന്ന കേസില്‍ ഗതാഗതമന്ത്രി ആന്റണി രാജുവിനെതിരായ വിചാരണ നടപടികള്‍ നീണ്ടുപോയത് ഗൗരവതരമെന്ന് ഹൈക്കോടതി. കേസ് നടപടികള്‍ വൈകുന്നത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി ആരാഞ്ഞു. ആന്റണി രാജുവിനെതിരായ വിചാരണ വേഗത്തിലാക്കണമെന്ന ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ഹര്‍ജി നമ്പരിടാന്‍ കോടതി ഉത്തരവിടുകയായിരുന്നു. ഹര്‍ജിയില്‍ പറയുന്ന കാര്യങ്ങള്‍ അവഗണിക്കാനാവില്ല എന്ന് കോടതി നിരീക്ഷിച്ചു. ആന്റണി രാജുവിന് നോട്ടീസ് അയക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
ആന്റണി രാജുവിന് എതിരായ കേസിലെ വിചാരണ നടപടികള്‍ വൈകുന്നത് ഗൗരവത്തോടെ ഹൈക്കോടതി കാണുന്നു എന്നാണ് ഇന്നത്തെ നടപടികളില്‍നിന്ന് വ്യക്തമാകുന്നത്. ഹര്‍ജിയില്‍ ഹൈക്കോടതി രജിസ്ട്രി നമ്പര്‍ ഇട്ടിരുന്നില്ല. മൂന്നാം കക്ഷിക്ക് ഈ കേസില്‍ ഇടപെടാന്‍ കഴിയുമോ എന്ന തര്‍ക്കമായിരുന്നു ഇക്കാര്യത്തില്‍ ഉണ്ടായിരുന്നത്. ഇക്കാര്യം കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ അഭാഭാഷകനും ആവര്‍ത്തിച്ചു. എന്നാല്‍ ഈവാദം ഹര്‍ജിക്കാരനായ ജോര്‍ജ് വട്ടുകളുത്തിന്റെ അഭിഭാഷകന്‍ എതിര്‍ത്തു. ഹര്‍ജിക്കാരന്റെ വാദം ഹൈക്കോടതി അംഗീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹര്‍ജി നമ്പറിട്ട് നല്‍കാന്‍ ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ നിര്‍ദേശിച്ചു.

