ദില്ലി: ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ കൊല്‍ക്കത്ത പൊലീസ് കമ്മീഷണർ രാജീവ് കുമാറിനെതിരെ സിബിഐ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. രാജ്യം വിടാനുള്ള സാധ്യത മുന്നിൽ കണ്ടാണ് നോട്ടീസ് പുറത്തിറക്കിയത്. രാജ്യത്തെ വിമാനത്താവളങ്ങളിലും ഇമിഗ്രേഷൻ അധികൃതരോടും ജാഗ്രത പാലിക്കാനും സിബിഐ നിർദേശം നൽകിയിട്ടുണ്ട്.
അറസ്റ്റിൽനിന്നു സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് രാജീവ് കുമാർ നൽകിയ ഹർജി സുപ്രീംകോടതി തള്ളിയിരുന്നു. രാജീവിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ കൊൽക്കത്ത കോടതിയുടെ പരിഗണനയിലാണ്. കോടതി ഈ ജാമ്യാപേക്ഷ തള്ളിയാൽ ഉടൻ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന.
ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അടുത്ത ഉദ്യോഗസ്ഥനാണ് രാജീവ് കുമാർ. നേരത്തെ കേസില്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനായി സിബിഐ എത്തിയപ്പോൾ മമത ഉയർത്തിയ പ്രതിരോധം ഏറെ ചർച്ചയായിരുന്നു. കേന്ദ്രസര്‍ക്കാര്‍ വൈരാഗ്യപൂര്‍വം പ്രവര്‍ത്തിക്കുകയാണെന്ന് ആരോപിച്ച് മമതാ അന്ന് സത്യാഗ്രഹം ഇരുന്നിരുന്നു.
ശാരദ ചിട്ടി തട്ടിപ്പ് കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ തലവനായിരുന്നു രാജീവ് കുമാർ. അന്വേഷണത്തിനിടെ കേസിലെ പല തെളിവുകളും രാജീവ് നശിപ്പിച്ചതായാണ് സിബിഐയുടെ ആരോപണം. നിര്‍ണായക തെളിവുകളായ മൊബൈല്‍ ഫോണും ലാപ്ടോപ്പുകളും ഫോറന്‍സിക് പരിശോധന പോലും നടത്താതെ ആരോപണവിധേയര്‍ക്ക് വിട്ടുനല്‍കിയെന്നതടക്കം ഗുരുതരമായ ആരോപണങ്ങളാണ് സിബിഐ ഉന്നയിക്കുന്നത്.

