Sunday, April 28, 2024
spot_img

കേന്ദ്രസർക്കാരിന്റെ നിർദേശം! 41 നയതന്ത്ര പ്രതിനിധികളെ തിരികെ വിളിച്ച് കാനഡ! ഇന്ത്യയിൽ ഇനി അവശേഷിക്കുന്നത് 21 പ്രതിനിധികൾ മാത്രം

ദില്ലി : ഭാരതത്തിൽ നിന്ന് 41 നയതന്ത്ര പ്രതിനിധികളെ തിരിച്ചുവിളിച്ച് കാനഡ. 21 പേര്‍ ഒഴിച്ചുള്ളവരുടെ നയതന്ത്ര പരിരക്ഷ പിന്‍വലിക്കുമെന്ന് ഇന്ത്യ നേരത്തെ കാനഡയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനെ തുടർന്ന് 41 നയതന്ത്ര പ്രതിനിധികളും അവരുടെ കുടുംബവും ഇന്ന് രാജ്യം വിട്ടു. 62 നയതന്ത്ര പ്രതിനിധികളാണ് കാനഡയ്ക്ക് ഇന്ത്യയിലുണ്ടായിരുന്നത്. കനേഡിയൻ നയതന്ത്രജ്ഞർ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നുവെന്നും കാനഡയിലുള്ള ഇന്ത്യൻ നയതന്ത്രജ്ഞരുടെ എണ്ണത്തേക്കാൾ കൂടുതലാണ് ഇന്ത്യയിലുള്ള കനേഡിയൻ നയതന്ത്രജ്ഞരുടെ എണ്ണമെന്നും ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സർക്കാർ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കാൻ കാനഡയ്ക്ക് നിർദേശം നൽകിയത്.

ഇന്ത്യയിലെ ചില എംബസികളും കോണ്‍സുലേറ്റുകളും കാനഡ അടച്ചുപൂട്ടി. ഇന്ത്യയിലുള്ള കാനേഡിയന്‍ പൗരന്‍മാര്‍ക്കുള്ള യാത്രാ നിര്‍ദേശവും കാനഡ പുതുക്കി. മുംബൈ, ചണ്ഡിഗഢ്, ബെംഗളൂരു എന്നീ നഗരങ്ങളിലുള്ള പൗരന്‍മാര്‍ അതീവ ജാഗ്രത പാലിക്കണമെന്നും അപരിചിതരുമായി സ്വകാര്യ വിവരങ്ങള്‍ പങ്കിടരുതെന്നും സഹായം ആവശ്യമുണ്ടെങ്കില്‍ പൗരന്‍മാര്‍ ദില്ലിയിലെ ഹൈക്കമ്മീഷനെ ബന്ധപ്പെടണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. മുംബൈ, ചണ്ഡിഗഢ്, ബെംഗളൂരു നഗരങ്ങളിലെ കോണ്‍സുലേറ്റുകളാണ് അടച്ചു പൂട്ടിയത്.

ഖാലിസ്ഥാൻ തീവ്രവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഭാരതത്തിന്റെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർക്ക് ബന്ധമുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ വെളിപ്പെടുത്തലിനെത്തുടർന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്.

Related Articles

Latest Articles