ദില്ലി: രാമജന്മഭൂമിയിൽ ക്ഷേത്രനിർമ്മാണത്തിന് അനുകൂലമായ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ കേന്ദ്രസർക്കാർ അയോധ്യയെ രാജ്യത്തെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമാക്കി മാറ്റാനൊരുങ്ങുന്നു. ഇതിനായി കേന്ദ്ര സാംസ്കാരിക മന്ത്രാലയം വന്‍ പദ്ധതികള്‍ തയ്യാറാക്കുന്നതായാണ് വിവരം. തീര്‍ത്ഥാടകരുടെയും വിനോദ സഞ്ചാരികളുടെയും വന്‍ പ്രവാഹം മുന്‍കൂട്ടി കണ്ടുള്ള വമ്പിച്ച വികസന പദ്ധതികളാണ് അയോധ്യയില്‍ ഒരുങ്ങുന്നത്. ശ്രീരാമജന്മഭൂമിയായ അയോധ്യയും പരിസരത്തെ ക്ഷേത്രങ്ങളും പൈതൃക കേന്ദ്രമാക്കി മാറ്റാനും പദ്ധതിയുണ്ട്.
അയോധ്യയിലെ നിർദിഷ്ട രാമക്ഷേത്രത്തിനായി പത്ത് പടുകൂറ്റന്‍ കവാടങ്ങള്‍ സ്ഥാപിക്കും. അയോധ്യയില്‍ വിമാനത്താവളം, നൂറ് കോടി രൂപ മുതല്‍ മുടക്കില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള റെയില്‍വേ സ്റ്റേഷന്‍ തുടങ്ങിയവയും ആലോചനയിലുണ്ട്. അയോധ്യയില്‍ പത്തോളം പഞ്ചനക്ഷത്ര ഹോട്ടലുകളുടെ നിര്‍മ്മാണം അടുത്ത മാസം ആരംഭിക്കും. അയോധ്യയെയും ഫൈസാബാദിനെയും ബന്ധിപ്പിക്കുന്ന 5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഫ്ലൈ ഓവറും സ്ഥാപിക്കും.
അയോധ്യയെ രാജ്യത്തെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമാക്കി ഉയര്‍ത്തുമെന്ന് മേയര്‍ ഋഷികേശ് ഉപാദ്ധ്യായ അറിയിച്ചു. ശ്രീരാമനുമായി ബന്ധമുള്ള എല്ലാ ചെറു തീര്‍ത്ഥങ്ങളും നവീകരിക്കും. അയോധ്യയെയും ചിത്രകൂടത്തെയും ബന്ധിപ്പിക്കുന്ന നാല് വരി പാത നിര്‍മ്മിക്കും. തീര്‍ത്ഥാടനം സുഗമമാക്കുന്നതിന് വേണ്ടി അയോധ്യ തീര്‍ത്ഥാടന വികസന സമിതി രൂപീകരിക്കും. അയോധ്യയുടെ സമഗ്ര വികസനത്തിനായി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി പദ്ധതികള്‍ ആവിഷ്കരിക്കും. ഉദ്ഖനനം നടത്തിയ സ്ഥലങ്ങളില്‍ നിന്നും ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ കണ്ടെത്തിയ പുരാതന അവശിഷ്ടങ്ങള്‍ ഉള്‍പ്പെടുത്തി ശ്രീരാമ മ്യൂസിയം സ്ഥാപിക്കാനും കേന്ദ്ര സാംസ്കാരിക വകുപ്പിന് പദ്ധതിയുണ്ട്.

