Saturday, May 4, 2024
spot_img

കേരളത്തിലെ റോഡുകൾ ഇനി സ്മാർട്ടാകും; പുതിയ ഗ്രീന്‍ഫീല്‍ഡ് പാതയ്ക്ക് അനുമതി നൽകി കേന്ദ്രം; നിതിന്‍ ഗഡ്കരിയില്‍ നിന്ന് ഉറപ്പ് ലഭിച്ചെന്ന് മന്ത്രി വി.മുരളീധരന്‍

ദില്ലി: കേരളത്തിലെ പുതിയ ഗ്രീന്‍ഫീല്‍ഡ് പാതയ്ക്ക് കേന്ദ്രത്തില്‍ നിന്ന് ഉറപ്പ് ലഭിച്ചതായി വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. കോഴിക്കോട് നിന്നു പാലക്കാട് വഴി കോയമ്പത്തൂരിന് പുതിയ ഗ്രീന്‍ ഫീല്‍ഡ് പാത സംബന്ധിച്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയില്‍ നിന്ന് ഉറപ്പ് ലഭിച്ചതായിട്ടാണ് വി. മുരളീധരന്‍ വ്യക്തമാക്കിയിരിക്കുന്നത്.

സംസ്ഥാന സര്‍ക്കാരില്‍ നിന്ന് പദ്ധതി നിര്‍ദേശം ലഭിച്ചാലുടന്‍ ഇക്കാര്യത്തില്‍ അനുകൂല തീരുമാനം കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. ഒപ്പം വനഭൂമി ഏറ്റെടുക്കാതെ തന്നെ മൈസൂരിനെയും കോഴിക്കോടിനെയും ബന്ധിപ്പിക്കുന്ന ബദല്‍ പാതയ്ക്കും കേന്ദ്രം സന്നദ്ധത അറിയിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ നിലവില്‍ പുരോഗമിക്കുന്ന കന്യാകുമാരി-മുംബൈ ദേശീയ പാതയുടെ പണി വേഗത്തിലാക്കാനും കേന്ദ്രമന്ത്രി നിര്‍ദേശം നല്‍കിയതായും തലശ്ശേരി – മാഹി – വടകര ബൈപാസുകളുടെയും കോഴിക്കോട് ബൈപാസിന്റെയും പണി വേഗത്തിലാക്കുന്നതിനും നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

മാത്രമല്ല തിരുവനന്തപുരം ദേശീയപാതയില്‍ കാഞ്ഞിരംകുളം പഞ്ചായത്തിലെ പ്ലാവില ജംഗ്ഷനില്‍ കഴിവൂര്‍-താഴംകാട് റോഡിനെ ബന്ധിപ്പിക്കുന്ന മേല്‍പ്പാലത്തിന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം അനുമതി നല്‍കുമെന്ന് ഉറപ്പ് നല്‍കിയതായും വി മുരളീധരന്‍ അറിയിച്ചു. കേന്ദ്രസഹമന്ത്രി വി.മുരളീധരനും ഉപരിതലഗതാഗത വകുപ്പുമന്ത്രി നിതിന്‍ ഗഡ്കരിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ ഉറപ്പ് ലഭിച്ചത്.

വാര്‍ഷിക പദ്ധതിയില്‍ മേല്‍പ്പാലം ഉള്‍പ്പെടുത്താന്‍ നിതിന്‍ ഗഡ്കരി മന്ത്രാലയത്തിന് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. മലബാര്‍ ചേംമ്പര്‍ ഓഫ് കോമേഴ്‌സ് ഭാരവാഹികളോടൊപ്പം നിതിന്‍ ഗഡ്കരിയെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വി. മുരളീധരന്‍.

Related Articles

Latest Articles