ദില്ലി: കൊവിഡും (Covid) ഒമിക്രോണും വ്യപിക്കുന്ന പശ്ചാത്തലത്തിൽ കേസുകൾ കൂടുതലുള്ള സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര സംഘത്തെ അയക്കാനും സംസ്ഥാനങ്ങളുമായി ചേർന്ന് പ്രവർത്തിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര സംഘത്തിന് നിർദ്ദേശം നൽകി. കൊവിഡ് വൈറസിന്റെ വ്യാപനം കൂടിയ സംസ്ഥാനങ്ങളിലും വാക്സീനേഷൻ നിരക്ക് കുറഞ്ഞ സംസ്ഥാനങ്ങളിലേക്കുമാണ് കേന്ദ്രത്തിന്റെ വിദഗ്ധ സംഘം സന്ദർശനം നടത്തുന്നത്.
കേരള, മഹാരാഷ്ട്ര, തമിഴ്നാട്, പശ്ചിമബംഗാൾ, മിസോറം, കർണാടക, ബിഹാർ, ഉത്തർപ്രദേശ്, ജാർഖണ്ഡ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് കേന്ദ്രസംഘം എത്തുക. തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന ഉത്തർപ്രദേശും പഞ്ചാബും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഈ സംസ്ഥാനങ്ങളിലെ സ്ഥിതി ഗതികൾ സംഘം നേരിട്ടെത്തി പരിശോധിക്കും.
അതേസമയം രാജ്യത്ത് പുതിയതായി 7,189 കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു.. നിലവില്‍ കൊവിഡ് ബാധിച്ച് 77,032 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. 387 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 4,79,520 ആയി.

