ആലപ്പുഴ: കൊല്ലപ്പെട്ട ബിജെപി നേതാവ് രണ്‍ജീത്ത് ശ്രീനിവാസന്റെ വീട് സുരേഷ് ഗോപി സന്ദര്‍ശിച്ചു. രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ ആരുടെ കാല് പിടിക്കാനും തയാറെന്ന് സുരേഷ് ഗോപി (Suresh Gopi) പറഞ്ഞു. അച്ഛനെന്ന നിലയില്‍ ഇത്തരം കൊലപാതകങ്ങള്‍ക്കിരയായവരുടെ കുട്ടികളുടെ സങ്കടം കണ്ടുനില്‍ക്കാനാവുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
ഇനി ആരോടാണ് പറയേണ്ടത്. എന്ത് മതമായാലും രാഷ്ട്രീയമായാലും ഓരോ കൊലപാതകവും ഒരു പ്രദേശത്തിന്റെ സമാധാനം തകര്‍ക്കും. രാജ്യത്തിന്റെ വളര്‍ച്ചയെ ബാധിക്കും. കൊല്ലപ്പെട്ട ആള്‍ക്കാരുടെ കുഞ്ഞുങ്ങള്‍ മാത്രമല്ല, വളര്‍ന്നുവരുന്ന കുഞ്ഞുങ്ങള്‍, അവരുടെ മനോനില എല്ലാത്തിനെയും ബാധിക്കും. കുട്ടികളെ മോശപ്പെട്ട സംസ്‌കാരത്തിലേക്ക് കൊണ്ടുപോകുന്നതാണ് ഇത്തരത്തിലുള്ള കൊലപാതകങ്ങള്‍ എന്നും സുരേഷ് ഗോപി വ്യക്തമാക്കി.
ഈ കൊലപാതകങ്ങൾ സമൂഹത്തിലെ വളർന്നുവരുന്ന കുട്ടികളുടെ മനോനിലയെ ആണ് ബാധിക്കുന്നത്. വരുംതലമുറയെ മോശപ്പെട്ട സംസ്‌കാരത്തിലേക്ക് വലിച്ചിഴക്കുന്ന പ്രവണത ഇതുണ്ടാക്കും. കൊലപാതക സംസ്‌കാരം രാജ്യദ്യോഹപരമാണ്. മനുഷ്യൻ നരമാംസ ഭോജികളായി വീണ്ടും മാറരുതെന്നും വീണ്ടും ആ കാടത്തത്തിലേക്ക് പോകരുതെന്നും സന്ദർശന വേളയിൽ സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

