Tuesday, May 7, 2024
spot_img

ചന്ദ്രയാൻ 2 ദൗത്യം 95 ശതമാനം വിജയം; ഓര്‍ബിറ്ററിന് ഏഴ് വര്‍ഷംവരെ കാലാവധിയെന്ന് ഐ എസ് ആർ ഒ

ബംഗളൂരു: ചന്ദ്രയാന്‍ രണ്ട് ദൗത്യം 90 മുതൽ 95 ശതമാനം വരെ വിജയകരമെന്ന് ഐ എസ് ആർ ഒ. ദൗത്യത്തിന്റെ ഓരോ ഘട്ടത്തിലും വിജയ മാനദണ്ഡം നിര്‍വചിക്കപ്പെട്ടു. ഇതുവരെ 90 മുതല്‍ 95 ശതമാനം വരെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിച്ചു. നിലവില്‍ ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായെങ്കിലും ചന്ദ്രനെ കുറിച്ചുള്ള പഠനത്തിന് ഓർബിറ്ററിന്റെ സംഭാവന തുടരുമെന്നും ഐ എസ് ആര്‍ ഒ. അറിയിച്ചു.

ചന്ദ്രനെ വലം വയ്ക്കുന്ന ചന്ദ്രയാൻ 2 ഓർബിറ്റർ പൂർണ തോതിൽ പ്രവർത്തന ക്ഷമമാണ്. ഏഴുവർഷം ഓർബിറ്റർ ചന്ദ്രനെ ഭ്രമണം ചെയ്യും.നേരത്തെ പദ്ധതിയിട്ടതിൽ നിന്ന് ആറുവർഷം കൂടുതലാണിത്. ഇതുവരെയുള്ള ചന്ദ്രദൗത്യത്തില്‍ ഉപയോഗിച്ചതിൽ ഏറ്റവും ഉയര്‍ന്ന റെസലൂഷനിലുള്ള ക്യാമറയാണ് ഓര്‍ബിറ്ററിലുള്ളത്. ഇവ ആഗോള ശാസ്ത്ര സമൂഹത്തിന് വളരെയധികം ഉപയോഗപ്രദമാകുന്ന ഏറ്റവും മികവുള്ള ചിത്രങ്ങള്‍ ലഭ്യമാക്കും. ക്യാമറയോടൊപ്പം റേഡിയോ തരംഗങ്ങൾ ഉപയോഗിച്ച് ചന്ദ്രനെ സ്‌കാൻ ചെയ്യാൻ സിന്ത​റ്റിക് റഡാറും ചന്ദ്രോപരിതലത്തിലെ ജലസാന്നിധ്യം അളക്കാൻ ഇമേജിംഗ് ഇൻഫ്രാറെഡ് സ്‌പെക്ട്രോമീ​റ്ററും ഓർബിറ്ററിലുണ്ട്.

സെപ്റ്റംബർ രണ്ടിനാണ് ഓർബി​റ്ററിൽ നിന്ന് വിക്രം ലാൻഡർ വേർപ്പെട്ടത്. ഇന്നലെ ചന്ദ്രന്റെ ഉപരിതലത്തിൽ സോഫ്​റ്റ് ലാൻഡിംഗ് നടത്തുന്നതിനിടെ ലാൻഡറിന് കൺട്രോൾ റൂമുമായുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നു. ചന്ദ്രന് 2.1 കിലോമീ​റ്റർ അടുത്തു വെച്ചാണ് ലാൻഡറിൽ നിന്നുള്ള ആശയവിനിമയം തകരാറിലായത്.

Related Articles

Latest Articles