ജയ്പുര്: രാജസ്ഥാന് നിയമസഭാ തെരഞ്ഞെടുപ്പ് തീയതിയിൽ മാറ്റം. നേരത്തെ നിശ്ചയിച്ചിരുന്ന പ്രകാരം തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത് നവംബര് 23 നായിരുന്നു. ഇത് നവംബർ 25 ലേക്കാണ് മാറ്റിയിരിക്കുന്നത്.
തെരഞ്ഞെടുപ്പ് നടത്താൻ നേരത്തെ നിശ്ചയിച്ചിരുന്ന നവംബര് 23-ാം തീയതിയാണ് ഇക്കൊല്ലത്തെ ‘ദേവ ഉഠനി ഏകാദശി ദിനം. മംഗള കാര്യങ്ങൾക്കുള്ള ശുഭകരമായ ദിനം എന്ന നിലയിലാണ് ‘ദേവ ഉഠനി ഏകാദശി ദിനം പരിഗണിക്കപ്പെടുന്നത്. അതിനാൽ തന്നെ ഈ ദിവസം ഒരുപാട് വിവാഹങ്ങളും സാമൂഹിക ഒത്തുചേരലുകളും നടക്കാറുണ്ട്. അതിനാൽ നിരവധി പേർക്ക് വോട്ട് രേഖപ്പെടുത്താന് ബുദ്ധിമുട്ട് അനുഭവപ്പെടാന് ഇടയുണ്ട്.
ഇത് ചൂണ്ടിക്കാട്ടി വിവിധ രാഷ്ട്രീയപാര്ട്ടികളും സാമൂഹികസംഘടനകളും തെരഞ്ഞെടുപ്പ് കമ്മിഷന് നിവേദനങ്ങള് സമർപ്പിച്ചിരുന്നു. ഇതിന്മേലാണ് കമ്മിഷന്റെ നടപടി. സാധാരണയായി ദേവ ഉഠനി ഏകാദശി ദിനത്തിൽ രാജസ്ഥാനിൽ അന്പതിനായിരത്തിലധികം വിവാഹങ്ങളാണ് നടക്കാറുള്ളത്. അതിനാൽ തന്നെ അന്ന് വോട്ടെടുപ്പ് നടന്നാല് പോളിങ് ശതമാനത്തില് വലിയ കുറവുണ്ടായേക്കുമെന്നാണ് കരുതുന്നത്.

