Sunday, September 20, 2026

ചാത്തമ്മ ദ്വീപിന് ഭീഷണിയായി ഭൂമാഫിയയുടെ അനധികൃത കായൽ കൈയ്യേറ്റം; നിയമ വിരുദ്ധ കയ്യേറ്റത്തിനെതിരെ ജനകീയ കൂട്ടായ്‌മ

മരട്: കായൽ നികത്തിയും തണ്ണീർത്തടം മൂടിയും ഭൂമാഫിയ അനധികൃതമായി നടത്തുന്ന കയ്യേറ്റത്തിൽ നിലനിൽപ്പിനു തന്നെ ഭീഷണി നേരിടുകയാണ് ഗ്രാമീണ ടൂറിസം കേന്ദ്രമായ എറണാകുളം ജില്ലയിലെ കുമ്പളം പഞ്ചായത്തിലെ ചാത്തമ്മ ദ്വീപ്. നിയമ വിരുദ്ധ കയ്യേറ്റങ്ങൾ തകൃതിയായി നടക്കുമ്പോഴും പോലീസ് റവന്യു അധികൃതർ കണ്ണടക്കുകയാണ്. തീരദേശ പരിപാലന നിയമത്തിൽപ്പെടുന്ന പ്രദേശത്ത് വേമ്പനാട്ട് കായലും കൈതപ്പുഴക്കായലും സന്ധിക്കുന്ന ഭാഗം കയ്യേറി മൽസ്യ തൊഴിലാളികൾക്കും പരിസര വാസികൾക്കും ഭീഷണിയായ തരത്തിൽ കുറ്റിയും തെങ്ങുമുപയോഗിച്ച് വളച്ചു കെട്ടി കയ്യേറുകയാണ്. വ്യാജ പട്ടയം ഉപയോഗിച്ചാണ് 90 സെൻറ് കായൽ ഭൂമി കയ്യേറ്റവും നിർമ്മാണ പ്രവർത്തനങ്ങളും ഒരു സ്വകാര്യ സ്ഥാപനം നടത്തുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ട സ്ളാബിൻറെയും കോൺക്രീറ്റ് കുറ്റിയുടെയും ജോലികൾ നടന്നുവരികയാണ്. കൈതപ്പുഴ കായലിലെ മൽസ്യ കൃഷിയും മൽസ്യ ബന്ധനവും നിരവധി കുടുംബങ്ങളുടെ ജീവനോപാധിയാണ്. വ്യാജ പട്ടയം ഉപയോഗിച്ചുള്ള ഈ നിർമ്മാണ പ്രവർത്തനങ്ങളുടെ പേരിൽ ഈ കുടുംബങ്ങൾ കുടിയിറക്ക് ഭീഷണി നേരിടുകയാണ്. തീരദേശ പരിപാലന നിയമത്തിന്റെ വ്യാപകമായ ലംഘനം തുടർന്നാൽ സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെട്ട് ദ്വീപ് വെള്ളത്തിനടിയിലാകാനുള്ള സാധ്യയുണ്ടെന്ന് നാട്ടുകാർ ഭയക്കുന്നു.

അനധികൃത ഭൂമി കയ്യേറ്റത്തിനെതിരെ ചാത്തമ്മയിലെ നാട്ടുകാരും, മത്സ്യത്തൊഴിലാളികളും കർഷകരും, പരിസ്ഥിതി പ്രവർത്തകരും നാളുകളായി പ്രക്ഷോഭം നടത്തിവരികയാണ്. ചാത്തമ്മയെ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി അവർ ദ്വീപിനെ രക്ഷിക്കാൻ അധികൃതർ മുന്നിട്ടിറങ്ങാമെന്ന് ആവശ്യമുന്നയിക്കുകയാണ്.

Related Articles

Latest Articles