തിരുവനന്തപുരം : ഇന്ന് നടന്ന ഐഎസ്ആർഒയുടെ ടെക്നീഷ്യൻ പരീക്ഷയിൽ കോപ്പിയടിച്ച രണ്ട് ഉദ്യോഗാർത്ഥികൾ പിടിയിലായി. വിക്രം സാരാഭായ് സ്പേസ് സെന്ററിലേക്ക് നടന്ന റിക്രൂട്ട്മെന്റ് പരീക്ഷയിൽ കോപ്പിയടിച്ച സുനിൽ, സുമിത്ത് എന്നീ രണ്ട് ഹരിയാന സ്വദേശികളാണ് പിടിയിലായത്. ഇവർ സ്ക്രീൻ വ്യൂവർ വഴി ചോദ്യങ്ങൾ പുറത്തുള്ള ആളിലേക്ക് എത്തിക്കുകയും അയാൾ നൽകുന്ന ഉത്തരങ്ങൾ ബ്ലൂടൂത്ത് ഹെഡ്സെറ്റ് വഴി കേട്ടെഴുതുകയായിരുന്നെന്നു പോലീസ് അറിയിച്ചു .
പട്ടം സെന്റ് മേരീസ്, കോട്ടൺഹിൽസ് സ്കൂളുകളിലാണ് ഇവർ പരീക്ഷ എഴുതിയത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മെഡിക്കല്‍ കോളജ്– മ്യൂസിയം പൊലീസ് സംയുക്തമായാണ് പ്രതികളെ പിടികൂടിയത്. വയറിൽ ബെൽറ്റ് കെട്ടിയാണ് ഇവർ ഫോൺ ശരീരത്തിൽ ഉറപ്പിച്ചത്. അതിന് ശേഷം ചോദ്യപേപ്പറിലെ ചോദ്യങ്ങൾ സ്ക്രീൻ വ്യൂവർ വഴി ഉത്തരം നൽകാൻ പുറത്ത് കാത്തിരുന്ന ആളിൽ എത്തിക്കുകയും ശേഷം ബ്ലൂടൂത്ത് ഹെഡ്സെറ്റ് വഴി ഉത്തരങ്ങൾ കേട്ടെഴുതുകയായിരുന്നു. സുമിത്ത് 80ല്‍ 70 ചോദ്യങ്ങൾക്കും സുനിൽ മുപ്പതോളം ചോദ്യങ്ങൾക്കും ഉത്തരമെഴുതിയെന്നാണ് പരിശോധനയിൽ വ്യക്തമായത്

