ചെന്നൈ: ചെന്നൈ വിമാനത്താവളത്തിൽ വൻ സ്വർണ്ണ വേട്ട. പലതരം സംഭവങ്ങളിൽ മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച എട്ട് കിലോയോളം സ്വർണ്ണം കസ്റ്റംസ് പിടികൂടി. ഒമ്പത് പേരടങ്ങുന്ന വൻ സ്വർണ്ണക്കടത്ത് സംഘം കസ്റ്റംസിന്റെ പിടിയിലായി. എന്നാൽ ആദ്യം പിടിയിലായ ആളിൽ നിന്നും കുഴമ്പ് പരുവത്തിലാക്കിയ മൂന്ന് സ്വർണ്ണക്കട്ടകളാണ് കണ്ടെടുത്തത്. ഇതിന് 310 ഗ്രാം തൂക്കം വരും. കൂടാതെ മറ്റൊരു വ്യക്തിയിൽ നിന്നും കസ്റ്റംസ് പതിനാല് ലക്ഷം രൂപ വില വരുന്ന 271 ഗ്രാം സ്വർണ്ണം പിടികൂടി.
തുടർന്ന് ഒമ്പത് പേരടങ്ങുന്ന വൻ സ്വർണ്ണക്കടത്ത് സംഘത്തിൽ നിന്നും നാൽപ്പത്തിയെട്ട് സ്വർണ്ണക്കട്ടകൾ കണ്ടെടുത്തു. അതേസമയം 3.93 കോടി വില വരുന്ന 7.72 കിലോ സ്വർണ്ണമാണ് ഇവരിൽ നിന്നും പിടികൂടിയത്. 386 ഗ്രാം തൂക്കം വരുന്ന പന്ത്രണ്ട് സ്വർണ്ണക്കട്ടകളും എഴുപത്തിനാല് ഗ്രാം വരുന്ന സ്വർണ്ണ ചെയിനും പിടികൂടിയിട്ടുണ്ട്. ആകെ 4.16 കോടി രൂപ വിലമതിക്കുന്ന 8.18 കിലോ ഗ്രാം സ്വർണ്ണം ഇത്തരത്തിൽ പിടികൂടിയതായി കസ്റ്റംസ് അറിയിച്ചു.

