Monday, April 29, 2024
spot_img

യൂട്യൂബർമാർ ജാഗ്രതൈ! അശ്ലീലച്ചുവയുള്ള വീഡിയോകള്‍ നീക്കണം; മുന്നറിയിപ്പുമായി പോലീസ്

ചെന്നൈ: അശ്ലീലച്ചുവയോടെയുള്ള വീഡിയോകള്‍ നീക്കം ചെയ്യണമെന്ന് തമിഴ്‌നാട്ടിലെ യുട്യൂബ് ചാനലുകള്‍ക്ക് പോലീസിന്റെ നിർദേശം. മുന്നറിയിപ്പ് ലംഘിച്ച് അശ്ലീലം നിറഞ്ഞ വീഡിയോകള്‍ അപ്‌ലോഡ് ചെയ്താല്‍ ചാനല്‍ പ്രവര്‍ത്തകര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കും. നേരത്തേ പുറത്തുവിട്ടിട്ടുള്ള വീഡിയോകള്‍ നീക്കണമെന്നും സിറ്റി പോലീസ് കമ്മിഷണര്‍ മഹേഷ് കുമാര്‍ അഗര്‍വാള്‍ ആവശ്യപ്പെട്ടു.

ദ്വയാര്‍ഥ പ്രയോഗങ്ങളും അശ്ലീല ചോദ്യങ്ങളുമായി ആളുകളുടെ പ്രതികരണമെടുത്ത് പ്രസിദ്ധീകരിച്ചിരുന്ന ഒരു യുട്യൂബ് ചാനലിന്റെ മൂന്ന് പ്രവര്‍ത്തകരെ ദിവസങ്ങൾക്ക് മുൻപേ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. യുവതികള്‍ക്ക് പണം നല്‍കി അവരെക്കൊണ്ട് അശ്ലീലം കലർന്ന ഉത്തരങ്ങള്‍ പറയിപ്പിച്ചും പ്രതികള്‍ വീഡിയോ ചിത്രീകരിച്ചിരുന്നു. വീഡിയോ മൂലം അപമാനിക്കപ്പെട്ട യുവതി നൽകിയ പരാതിയിലാണ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.

അതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നിയന്ത്രണങ്ങളില്ലാതെ യുട്യൂബില്‍ ഇതുപോലുള്ള ധാരാളം ചാനലുകള്‍ പ്രവര്‍ത്തിക്കുന്നത് കണ്ടെത്തിയത്. അതോടെ പോലീസ് ഇവര്‍ക്കുമേല്‍ നടപടിയെടുക്കാൻ തീരുമാനിക്കുകയായിരുന്നു. ഇത്തരം ചാനലുകളെ സൈബര്‍ ക്രൈം വിഭാഗം നിരീക്ഷിക്കുമെന്നും പോലീസ് കമ്മിഷണര്‍ വ്യക്തമാക്കി.

Related Articles

Latest Articles