Monday, May 6, 2024
spot_img

മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ് മുഖ്യമന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും ; പ്രധാനമന്ത്രി ചടങ്ങിൽ പങ്കെടുക്കും ; രാജസ്ഥാനിലെ സത്യപ്രതിജ്ഞ ഡിസംബർ 15 ന്

ദില്ലി : മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയായി ഡോ.മോഹൻ യാദവും ഛത്തീസ്ഗഡ് മുഖ്യമന്ത്രിയായി വിഷ്ണു ദേവ് സായിയും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി, മുതിർന്ന ബിജെപി നേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കുന്നതാണ്. അതേസമയം, മുഖ്യമന്ത്രിമാരുടെ പേരുകൾ പ്രഖ്യാപിച്ചെങ്കിലും മന്ത്രിസഭാംഗങ്ങളെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.

മദ്ധ്യപ്രദേശിൽ ജഗദീഷ് ദേവ്ദ, രാജേഷ് ശുക്ല എന്നിവർ ഉപമുഖ്യമന്ത്രിമാരാകും. മുൻ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര തോമർ സ്പീക്കറായി ചുമതലയേൽക്കും. പുതിയ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സംസ്ഥാനം കൂടുതൽ പുരോഗതിയിലേക്ക് ഉയരുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്ന് മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അഭിപ്രായപ്പെട്ടു. ഛത്തീസ്ഗഡിൽ വിജയ് ശർമ്മ, അരുൺ സാവോ എന്നിവരാണ് ഉപമുഖ്യമന്ത്രിമാരായി ചുമതലയേൽക്കുന്നത്. കൂടാതെ, മുൻ മുഖ്യമന്ത്രി രമൺ സിംഗ് സ്പീക്കറാകും.

അതേസമയം, രാജസ്ഥാനിൽ ഡിസംബർ 15 നാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുന്നത്. രാജസ്ഥാൻ മുഖ്യമന്ത്രിയായി ഭജൻ ലാൽ ശർമ്മ അധികാരമേൽക്കും. മുൻ മുഖ്യമന്ത്രി വസുന്ധര രാജെയാണ് ഭജൻലാൽ ശർമ്മയുടെ പേര് നിയമസഭാ കക്ഷി യോഗത്തിൽ നിർദ്ദേശിച്ചതെന്ന് പാർട്ടി നേതാക്കൾ വ്യക്തമാക്കിയിരുന്നു. ദിയാകുമാരി, പ്രേംചന്ദ് ബട്വ എന്നിവരാണ് ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. വാസുദേവ് ദേവ്‌നാനിയാണ് സ്പീക്കർ.

Related Articles

Latest Articles