Thursday, May 9, 2024
spot_img

അയ്യപ്പന്മാരുടെ തീരാദുരിതത്തിൽ അലംഭാവം തുടർന്ന് സർക്കാർ ; സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി : ശബരിമലയിൽ അയ്യപ്പന്മാരുടെ തീരാദുരിതം ഇപ്പോഴും തുടരുകയാണ്. ഭക്തരുടെ ദുരവസ്ഥക്ക് പരിഹാരം കാണുന്നതിൽ സർക്കാരും ദേവസ്വം ബോർഡും സമ്പൂർണമായി പരാജയപ്പെട്ട സാഹചര്യത്തിൽ സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നിലവിലെ സ്ഥിതിയും സർക്കാർ സ്വീകരിച്ച സംവിധാനങ്ങളും കോടതി വിലയിരുത്തും.

നിലയ്ക്കലിലെ പാർക്കിംഗ് സംബന്ധിച്ചുള്ള വിശദാംശങ്ങളടക്കം ഹൈക്കോടതി ഇന്ന് പരിശോധിക്കും. എത്ര വാഹനങ്ങൾക്ക് ഒരേ സമയം പാർക്ക് ചെയ്യാൻ പറ്റും എന്നത് സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ പത്തനംതിട്ട ആർ ടി ഓയോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ശബരിമലയിലെത്തുന്ന തീർഥാടകർക്ക് യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടാകരുതെന്ന് കോടതി കഴിഞ്ഞ ദിവസം സർക്കാരിനോടും ദേവസ്വം ബോർഡിനോടും നിർദേശിച്ചിരുന്നു. തീർത്ഥാടകർക്ക് എല്ലാ സഹായങ്ങളും നൽകണമെന്നായിരുന്നു കോടതിയുടെ നിർദേശം. കേരളത്തിന് പുറത്തുള്ള എത്ര പേര്‍ സ്പോട്ട് ബുക്ക് ചെയ്യുന്നുണ്ടെന്നും ഹൈക്കോടതി ആരാഞ്ഞിരുന്നു.

വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്യുന്നവര്‍ക്ക് സൗകര്യം കിട്ടുന്നില്ലെന്ന് കോടതി കണ്ടെത്തിയിരുന്നു. മണിക്കൂറുകള്‍ വൈകുമ്പോള്‍ കുട്ടികളടക്കമുള്ളവര്‍ക്ക് സൗകര്യം നല്‍കണമെന്നും കോടതി നിർദേശിച്ചിരുന്നു. നിലയ്ക്കലില്‍ തിരക്കാണെങ്കില്‍ മറ്റിടങ്ങളില്‍ പാര്‍ക്കിംഗ് ഒരുക്കണമെന്നും ജില്ലാ ഭരണകൂടവും ദേവസ്വം ബോര്‍ഡും വോളണ്ടിയര്‍മാരുടെ സഹായം തേടണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. കൂടാതെ, ക്യൂ കോംപ്ലക്സുകള്‍ വൃത്തിയായിരിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു.

Related Articles

Latest Articles