മയ്യില്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്താനൊരുങ്ങിയ മാതാപിതാക്കള്‍ക്കെതിരേയുള്ള പരാതിയില്‍ പോലീസ് കേസെടുത്തു. മലപ്പട്ടം അടൂരിലെ ശിഹാബ്, ഭാര്യ നദീറ എന്നിവര്‍ക്കെതിരെയാണ് ശൈശവ വിവാഹ നിരോധന നിയമപ്രകാരം ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസറുടെ പരാതിയില്‍ മയ്യില്‍ പോലീസ് കേസെടുത്തത്.
ഈക്കഴിഞ്ഞ വെള്ളിയാഴ്ച മലപ്പട്ടം അടൂരിലാണു സംഭവം നടന്നത്. പ്രായപൂര്‍ത്തിയാകാത്ത മകളുടെ വിവാഹം നടത്താനുള്ള ശ്രമം അറിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ കോടതിയെ സമീപിച്ചിരുന്നു.
തുടര്‍ന്ന് കോടതി ഉത്തരവ് രക്ഷിതാക്കള്‍ക്ക് കൈമാറുകയും ചെയ്തിരുന്നു. വിവരമറിഞ്ഞ പോലീസ് വീട്ടുകാര്‍ക്ക് നോട്ടീസും കൈമാറിയിരുന്നു. എന്നാല്‍ ഉത്തരവുകള്‍ എല്ലാം ലംഘിച്ച് പ്രായപൂര്‍ത്തിയാകാത്ത മകളുടെ വിവാഹ നിശ്ചയം നടത്തുകയായിരുന്നു. തുടർന്നാണ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറുടെ പരാതിയിൽ മയ്യില്‍ പോലീസ് കേസെടുത്തത്.

