ബെയ്ജിംഗ്: ലോകജനത കൊറോണ മഹാമാരിയിൽ നിന്നും പുറത്ത് കടന്നിട്ടും ചൈനയിലെ സ്ഥിതി ഗുരുതരമാണ്. ഇതിന്റെ ഭാഗമായി ഇപ്പോഴും കടുത്ത നിയന്ത്രണങ്ങളാണ് ചൈനയിലെ വിവിധ ഭാഗങ്ങളില്‍ ഏർപ്പെടുത്തിയിരിക്കുന്നത്.
സീറോ കൊവിഡ് എന്ന ലക്ഷ്യമിട്ടാണ് ചൈന നിയന്ത്രണങ്ങള്‍ ശക്തമാക്കിയിരുന്നത്. പക്ഷെ, സർക്കാരിന്റെ ഈ സമീപനത്തിന് നേരെ രൂക്ഷ വിമര്‍ശനങ്ങളാണ് ജനങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്.
സമൂഹമാദ്ധ്യമത്തിലൂടെയാണ് പലരും സര്‍ക്കാരിനെതിരെ രംഗത്ത് വരുന്നത്. ചൈനീസ് സമൂഹമാദ്ധ്യമ വെബ്സൈറ്റായ വെയ്ബോയിലാണ് വിമര്‍ശകര്‍ പ്രത്യക്ഷപ്പെടുന്നത്. ഇവിടെ സര്‍ക്കാരിനെ വിമര്‍ശിക്കുന്നതിന് മാന്‍ഡരിന്‍ ഭാഷയ്‌ക്ക് പകരം കന്റോണീസ് ഭാഷയാണ് ആളുകള്‍ ഉപയോഗിക്കുന്നത്. വെയ്ബോയിക്ക് കന്റോണീസ് ഭാഷ തിരിച്ചറിയുന്നതിന് സാധ്യമല്ല. അതിനാല്‍ വിമര്‍ശനങ്ങളുടെ സെന്‍സര്‍ഷിപ്പ് നടക്കില്ല.
ഈ വിമര്‍ശനങ്ങള്‍ മാന്‍ഡരിന്‍ ഭാഷയില്‍ എഴുതിയിട്ടുണ്ടെങ്കില്‍ അത് ബ്ലോക്ക് ചെയ്യാനുള്ള സാധ്യതയും ഏറെയാണ്. സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ക്വാറന്റൈന്‍ , നിര്‍ബന്ധിത പരിശോധന , ലോക്ക് ഡൗണ്‍ തുടങ്ങിയ വിഷയങ്ങളാണ് വിമർശനങ്ങളിൽ ഭൂരിഭാഗം പേരും പറയുന്നത്.

