Thursday, May 16, 2024
spot_img

സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിഞ്ഞ് ചൈന; തുടർച്ചയായ രണ്ടാം മാസവും വായ്പാ നിരക്ക് വെട്ടിക്കുറച്ചു

ബീജിങ്: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ (Economic Crisis In China) നട്ടംതിരിഞ്ഞ് ചൈന. ഇത് മറികടക്കാനുള്ള നെട്ടോട്ടത്തിലാണ് രാജ്യം ഇപ്പോൾ. പിടിച്ചു നിൽക്കാനുളള ശ്രമത്തിന്റെ ഭാഗമായി തുടർച്ചയായ രണ്ടാം മാസവും വായ്പാ നിരക്ക് വെട്ടിക്കുറച്ചു. കോവിഡ് പ്രതിസന്ധിയും റിയൽ എസ്റ്റേറ്റ് മാർക്കറ്റിലുണ്ടായ തിരിച്ചടിയും സാമ്പത്തിക വളർച്ച മന്ദഗതിയിലായതുമാണ് ചൈനയ്‌ക്ക് തിരിച്ചടിയായത്. ഒരു വർഷ വായ്പകൾക്കുളള പ്രൈം നിരക്ക് 10 ബേസിസ് പോയിന്റുകളാണ് പീപ്പിൾസ് ബാങ്ക് ഓഫ് ചൈന കുറച്ചത്.

ഇതോടെ നിരക്ക് 3.7 ശതമാനമായി. ഡിസംബറിലും ഈ നിരക്ക് കുറച്ചിരുന്നു. അഞ്ച് വർഷത്തെ വായ്പകൾക്കുളള പ്രൈം നിരക്ക് അഞ്ച് ബേസിസ് പോയിന്റുകൾ കുറച്ച് 4.6 ശതമാനമാക്കി. 2020 ഏപ്രിലിന് ശേഷം ഇതാദ്യമായിട്ടാണ് ഈ നിരക്ക് കുറയ്‌ക്കുന്നത്. സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ ചൈനയുടെ മൊത്ത ആഭ്യന്തര ഉൽപാദന വളർച്ച കേവലം നാല് ശതമാനം മാത്രമാണ്. ഇതാണ് കടുത്ത നടപടിക്ക് പീപ്പിൾസ് ബാങ്ക് ഓഫ് ചൈനയെ പ്രേരിപ്പിച്ചത്. ചൈനയുടെ നിലവിലെ പ്രതിസന്ധി ഇക്കൊല്ലം കൂടി തുടരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.

കോവിഡ് പ്രതിസന്ധിക്ക് പിന്നാലെ സർക്കാർ ഇടപെടലും ഉണ്ടായതോടെ തകർന്ന രാജ്യത്തെ റിയൽ എസ്‌റ്റേറ്റ് മേഖലയെ പിടിച്ചുനിർത്താനുളള തീവ്ര ശ്രമത്തിലാണ് ചൈന. 2021 ൽ 8 ശതമാനമായിരുന്നു ചൈനയുടെ വാർഷിക വളർച്ചാ നിരക്ക്. ഇത് 2022 ൽ 5.3 ശതമാനത്തിലേക്ക് താഴുമെന്നാണ് ചൈനീസ് അക്കാദമി ഓഫ് സോഷ്യൽ സയൻസസിന്റെ വിലയിരുത്തൽ. ഇതോടെ കടുത്ത പ്രതിസന്ധിയിലാണ് രാജ്യത്തെ എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

Related Articles

Latest Articles