Sunday, May 26, 2024
spot_img

തായ്‌വാനെതിരെ സൈനിക റിഹേഴ്‌സലുമായി ചൈന !സ്ഥിഗതികൾ നിരീക്ഷിച്ച് തായ്‌വാനും അമേരിക്കയും

ബെയ്ജിങ് : തായ്‌വാനെ ഭീതിയുടെ മുൾമുനയിൽ നിർത്തിക്കൊണ്ട് സൈനിക റിഹേഴ്‌സലുമായി ചൈന. ആയുധങ്ങളുമായി എച്ച്-6കെ പോര്‍വിമാനങ്ങള്‍ തായ്‌വാന്‍ ദ്വീപിലെ പ്രധാന ലക്ഷ്യങ്ങളില്‍ ആക്രമണം നടത്തുന്നതിന്റെ റിഹേഴ്‌സല്‍ നടത്തിയെന്ന് ചൈനീസ് സൈന്യത്തിന്റെ കിഴക്കന്‍ തിയറ്റര്‍ കമാന്‍ഡ് വ്യക്തമാക്കി. ഷാദോങ് വിമാനവാഹിനിക്കപ്പലും റിഹേഴ്‌സലിൽ പങ്കെടുത്തു എന്നാണ് വിവരം.

അതേസമയം,തായ്‌വാന് പിന്തുണയുമായി അമേരിക്ക രംഗത്തെത്തിയിട്ടുണ്ട്. ദ്വീപിനു ചുറ്റും ഇന്ന് 11 ചൈനീസ് യുദ്ധക്കപ്പലുകളും 50 പോര്‍ വിമാനങ്ങളും കണ്ടുവെന്ന് തായ്‌വാന്‍ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. തുടർച്ചയായ മൂന്നാം ദിവസമാണ് ചൈന തായ്‌വാന് ചുറ്റും സൈനികാഭ്യാസം നടത്തുന്നത്. അമേരിക്കൻ ജനപ്രതിനിധിസഭ സ്പീക്കര്‍ കെവിന്‍ മക്കര്‍ത്തിയുമായി തായ്‌വാൻ പ്രസിഡന്റ് സായ് ഇങ്വെന്‍ കൂടിക്കാഴ്ച നടത്തിയതിനുപിന്നാലെയാണ് തയ്‌വാൻ കടലിടുക്കില്‍ ചൈന സൈനികാഭ്യാസം തുടങ്ങിയത്.

തായ്‌വാൻ ചൈനയുടെ ഭാഗമാണെന്നാണ് ചൈനയുടെ അവകാശവാദം.എന്നാൽ ഇത് തള്ളിക്കൊണ്ട് തായ്‌വാനിലെ ജനാധിപത്യസര്‍ക്കാര്‍ അമേരിക്കയോട് ചായ്‌വ്‌ പ്രകടിപ്പിക്കുന്നതാണ് ചൈനയെ പ്രകോപിപ്പിക്കുന്നത്. ഇതിന് പുറമെ അമേരിക്ക തായ്‌വാന് ആയുധങ്ങളും വിതരണം ചെയ്യുന്നുണ്ട്.
നേരത്തെ തായ്‌വാൻ പ്രസിഡന്റ് അമേരിക്കൻ സന്ദര്‍ശനം നടത്തിയാല്‍ പ്രത്യാഘാതമുണ്ടാകുമെന്നു ചൈന മുന്നറിയിപ്പു നല്‍കിയിരുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ അന്നത്തെ അമേരിക്കൻ ജനപ്രതിനിധി സഭ സ്പീക്കര്‍ നാന്‍സി പെലോസി തായ്‌പെയ് സന്ദര്‍ശിച്ചപ്പോള്‍ തായ്​വാന്‍ കടലിലേക്കു മിസൈലുകള്‍ തൊടുത്താണു ചൈന രോഷം പ്രകടിപ്പിച്ചത്. സംഭവങ്ങള്‍ നിരീക്ഷിക്കുകയാണെന്നു തായ്‌വാൻ പ്രതിരോധമന്ത്രാലയം അറിയിച്ചു.
തെക്കുകിഴക്കു ചൈനയുടെ തീരത്തുനിന്ന് 160 കിലോമീറ്ററോളം അകലെയാണു തായ്‌വാൻ ദ്വീപ് സ്ഥിതി ചെയ്യുന്നത്. തായ്‌വാൻ നിയന്ത്രണത്തിലായാല്‍ പശ്ചിമ പസിഫിക് മേഖലയില്‍ ചൈനയ്ക്കു തന്ത്രപരമായ മേധാവിത്വം ലഭിക്കും.

Related Articles

Latest Articles