Tuesday, May 21, 2024
spot_img

നൃത്തചുവടുകൾ നിലച്ചു…പ്രശസ്ത ബോളിവുഡ് നൃത്തസംവിധായക, സരോജ് ഖാൻ വിടവാങ്ങി

മുംബൈ :- പ്രശസ്ത ബോളിവുഡ് നൃത്തസംവിധായക സരോജ് ഖാൻ അന്തരിച്ചു . 71 വയസായിരുന്നു . ഹൃദയസ്തംഭനത്തെ തുടർന്ന് ഇന്ന് പുലർച്ചെ മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം .

കഴിഞ്ഞ ജൂൺ 20 നാണ് ശ്വാസ സംബന്ധമായ ബുദ്ധിമുട്ടുകളെ തുടർന്ന് സരോജ് ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഇവരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും ഫലം നെഗറ്റീവ് ആയിരുന്നു.

ബോളിവുഡിൽ നൃത്ത സംവിധാനത്തിൽ നാല് പതിറ്റാണ്ടിലേറെ സജീവ സാന്നിധ്യമായിരുന്ന ഇവർ രണ്ടായിരത്തിലധികം പാട്ടുകൾക്ക് ചുവടുകൾ ഒരുക്കിയിട്ടുണ്ട് . മൂന്ന് തവണ മികച്ച നൃത്ത സംവിധായകയ്ക്കുള്ള ദേശീയ പുരസ്‌ക്കാരവും നേടിയിട്ടുണ്ട് . ദേവദാസ്,’ ‘ജബ് വി മെറ്റ്,’ ‘ശൃംഗാരം’ (തമിഴ്) എന്നീ ചിത്രങ്ങൾക്കാണ് മികച്ച നൃത്തസംവിധായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയത് . ഹം ദിൽ ദേ ചുക്കേ സനം,’ ‘ഗുരു,’ ‘ഖൽനായക്,’ ‘ചാൽബാസ്’ തുടങ്ങിയ സിനിമകൾക്ക് ഫിലിംഫെയർ അവാർഡുകൾ ലഭിച്ചു.

‘നസറാന’ എന്ന ചിത്രത്തിലൂടെയാണ് സരോജ് ഖാന്റെ സിനിമാ പ്രവേശനം. 1987 -ൽ പുറത്തിറങ്ങിയ മിസ്റ്റർ ഇന്ത്യയിൽ ഹവ ഹവായ്’ എന്ന ഗാനത്തിൽ ശ്രീദേവിയ്ക്കായി നൃത്ത ചുവടുകൾ ഒരുക്കിയാണ് സരോജ് ശ്രദ്ധേയമായി മാറിയത് . പിന്നീട്, 1990 കളിൽ ‘ഏക് ദോ തീന്‍,’ ‘ഹം കോ ആജ് കൽ ഹായ് ഇന്തിസാര്‍,’ ‘ധക് ധക് കർനെ ലഗ,’ ‘ചോളി കെ പീച്ചെ ക്യാ ഹായ്,’ ‘തമ്മ തമ്മ’ എന്നിങ്ങനെ തുടരെ ഹിറ്റുകളാണ് സരോജ് സമ്മാനിച്ചത് .

2019 -ൽ പുറത്തിറങ്ങിയ കലങ്ക് ആണ് അവസാന ചിത്രം. സരോജ് തന്നെ തന്‍റെ ഇഷ്ട നടിയായി വിശേഷിപ്പിക്കുന്ന മാധുരി ദീക്ഷിതിന് വേണ്ടിയാണ് അവസാനം ചുവടുകള്‍ ഒരുക്കിയത്. കഥക് നര്‍ത്തകിയായ തന്നെ ബോളിവുഡ് നൃത്തം ചെയ്യാന്‍ പഠിപ്പിച്ചത് സരോജ് ഖാനാണ് എന്ന് മാധുരി ദീക്ഷിത് ഒരിക്കൽ പറഞ്ഞിരുന്നു. ബോളിവുഡിലെ മുന്‍നിര താരങ്ങള്‍ പോലും മാസ്റ്റര്‍ ജി എന്നാണ് സരോജ് ഖാനെ വിളിക്കാറുണ്ടായിരുന്നത്.

ബി. സോഹന്‍ ലാലാണ് സരോജിന്റെ ഭര്‍ത്താവ്. ഹമീദ് ഖാന്‍, ഹിന ഖാന്‍, സുകൈന ഖാന്‍ എന്നിവരാണ് മക്കള്‍.

Related Articles

Latest Articles