ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ ക്രിസ് മോറിസ് വിരമിച്ചു. എല്ലാ ഫോര്മാറ്റുകളില് നിന്നും വിരമിച്ചതായി താരം തന്നെയാണ് അറിയിച്ചത്. നാല് ടെസ്റ്റില് നിന്ന് 173 റണ്സും 12 വിക്കറ്റും 42 ഏകദിനത്തില് നിന്ന് 468 റണ്സും 48 വിക്കറ്റും 23 ടി20യില് നിന്ന് 133 റണ്സും 34 വിക്കറ്റുമാണ് അദ്ദേഹം നേടിയത്. വെടിക്കെട്ട് ബാറ്റ്സ്മാനും ബൗളറുമൊക്കെത്തന്നെയാണെങ്കിലും പലപ്പോഴും ദേശീയ ടീമില് നിന്ന് മാറ്റിനിര്ത്തപ്പെട്ടു.\
“ഞാൻ ഇന്ന് ക്രിക്കറ്റിന്റെ എല്ലാ രൂപങ്ങളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിക്കുന്നു. എന്റെ ഈ യാത്രയിൽ ചെറുതായും, വലുതായും പങ്കു വഹിച്ച എല്ലാവർക്കും നന്ദി. ഇതൊരു രസകരമായ യാത്രമായിരുന്നു. ടൈറ്റന്റെ പരിശീലക വേഷം ഏറ്റെടുക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്.” തന്റെ വിരമിക്കൽ അറിയിച്ചു കൊണ്ടുള്ള ഇൻസ്റ്റഗ്രാം പോസ്റ്റിൽ മോറിസ് കുറിച്ചു.
അതേ സമയം ഐപിഎല്ലിലെ മികച്ച ഡിമാൻഡുള്ള താരങ്ങളിൽ ഒരാളായ മോറിസിന് കഴിഞ്ഞ തവണ താരലേലത്തിൽ 16.25 കോടി രൂപയായിരുന്നു ലഭിച്ചത്. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സ്, രാജസ്ഥാൻ റോയൽസ്, ഡെൽഹി ക്യാപിറ്റൽസ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടീമുകൾക്കായി കളിച്ച താരം മൊത്തം 81 മത്സരങ്ങളിൽ നിന്ന് 618 റൺസും, 95 വിക്കറ്റുകളുമാണ് നേടിയത്.

