ഓക്‌ലാന്‍ഡ്: ന്യൂസീലാന്‍ഡില്‍ മുസ്ലീം പള്ളികളില്‍ ഭീകരർ നടത്തിയ വെടിവെപ്പില്‍ ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ഗുജറാത്ത് സ്വദേശി മുഹമ്മദ് ജുനത്ത് ഖാരയാണ് കൊല്ലപ്പെട്ടത്. കൂടാതെ ആറ് ഇന്ത്യക്കാരെ കാണാനില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഒമ്പത് ഇന്ത്യക്കാരെ വെടിവെപ്പുമായി ബന്ധപ്പെട്ട് കാണാതായെന്ന് ന്യൂസീലാഡിലെ ഇന്ത്യന്‍ എംബസി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇവര്‍ക്ക് വെടിയേറ്റതായി ഒരു സംശയവും അവര്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഗുജറാത്ത് സ്വദേശി കൊല്ലപ്പെട്ടതായി വിവരങ്ങള്‍ പുറത്തുവന്നത്. രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.

മറ്റ് ആറുപേരെക്കുറിച്ച് ഇപ്പോഴും വിവരങ്ങളില്ല. പരിക്കേറ്റവരില്‍ ഒരാള്‍ തെലങ്കാന സ്വദേശിയാണെന്നാണ് വിവരം. ന്യൂസീലാന്‍ഡില്‍ ഹോട്ടല്‍ വ്യവസായം നടത്തുന്ന ഇയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരങ്ങള്‍.