Saturday, October 10, 2026

ചൂരൽമലയിൽ സൈന്യം ബെയ്‌ലി പാലത്തിന്റെ നിർമാണം തുടങ്ങി ! പാലം പൂർത്തിയാകുന്നതോടെ മണ്ണുമാന്തി യന്ത്രമടക്കം ദുരന്തഭൂമിയിലെത്തും

വയനാട് : ഉരുൾപ്പൊട്ടലുണ്ടായ മുണ്ടക്കൈയിൽ 85 അടിയുള്ള താൽക്കാലിക പാലത്തിന്റെ നിർമ്മാണം ആരംഭിച്ച് സൈന്യം. ചൂരൽമലയിൽ നിന്നും മുണ്ടക്കൈയിലേക്ക് പാലം നിർമ്മിക്കുന്നതോടെ രക്ഷാപ്രവർത്തനം വേഗത്തിലാക്കാനും മണ്ണുമാന്തി യന്ത്രമടക്കം സ്ഥലത്തെത്തിക്കാനും സാധിക്കും. കാലാവസ്ഥ മോശമായികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് രക്ഷാദൗത്യവും പാലം പണിയും നടക്കുന്നത്.

കരസേനയുടെ നേതൃത്വത്തിലുള്ള പാലത്തിന്റെ നിർമ്മാണം നാളെ പൂർത്തീകരിക്കുമെന്നാണ് വിവരം. കണ്ണൂർ പ്രതിരോധ സുരക്ഷാസേനയിലെ ക്യാപ്റ്റൻ പുരൻ സിം​ഗ് നഥാവത് ആണ് പ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. പാലം നിർമ്മാണത്തിന്റെ സാമഗ്രികൾ ദില്ലിയിൽ നിന്ന് വ്യോമസേനയുടെ വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിൽ എത്തിയിട്ടുണ്ട്. ഇവ 17 ട്രക്കുകളിലാക്കി വയനാട്ടിലേക്ക് എത്തിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.

ഉരുൾപ്പൊട്ടലിൽ നാശം വിതച്ച ചൂരൽമലയിൽ കഴിഞ്ഞ ദിവസം താത്ക്കാലിക പാലം നിർമ്മിച്ചിരുന്നു. സൈന്യവും ഫയർഫോഴ്സും ഒന്നിച്ചാണ് പാലം നിർമ്മാണം പൂർത്തിയാക്കിയത്. മുണ്ടക്കൈയിൽ കുടുങ്ങിക്കിടക്കുന്നവരെ സൈന്യം ഈ പാലത്തിലൂടെയാണ് ഇക്കരയ്ക്ക് എത്തിച്ചിരുന്നത്. താൽക്കാലികമായി ചെറിയ പാലം നിർമ്മിച്ചെങ്കിലും പുഴയുടെ പകുതി വരെ മാത്രമായിരുന്നു നീളം. മുണ്ടക്കൈ പാലം ഒലിച്ചുപോയി യാത്രാമാർഗം അടഞ്ഞത് കൊണ്ട് ഉരുൾപൊട്ടൽ കഴിഞ്ഞ് മണിക്കൂറുകൾക്ക് ശേഷമാണ് ദൗത്യസംഘം പുഴകടന്ന് മുണ്ടക്കൈയിൽ എത്തിയത്. ഇതേത്തുടർന്നാണ് ബെയ്‌ലി പാലം നിർമിക്കാൻ തീരുമാനമെടുത്തത്.

Related Articles

Latest Articles