Tuesday, October 27, 2026

പാക്–അഫ്ഗാൻ അതിർത്തിയിൽ ഏറ്റുമുട്ടൽ രൂക്ഷം !58 പാക് സൈനികർ കൊല്ലപ്പെട്ടു;25 പോസ്റ്റുകൾ പിടിച്ചെടുത്തതായി താലിബാൻ സൈന്യം

കാബൂൾ ; പാക്ക്–അഫ്ഗാൻ അതിർത്തിയിൽ ഏറ്റുമുട്ടൽ രൂക്ഷമാകുന്നു. പാക് സൈനിക പോസ്റ്റുകൾ ലക്ഷ്യമാക്കി അഫ്ഗാൻ സേന നടത്തിയ ആക്രമണത്തിൽ 58 പാക് സൈനികർ കൊല്ലപ്പെട്ടതായും 30 പേർക്കു പരിക്കേറ്റതായും അഫ്ഗാൻ അധിക‍ൃതർ പറഞ്ഞു. 25 പോസ്റ്റുകൾ പിടിച്ചെടുത്തതായി അഫ്ഗാൻ അധികൃതർ അവകാശപ്പെട്ടു. സംഘർഷത്തെ തുടർന്ന് അതിർത്തിയിലെ വഴികൾ പാക്കിസ്ഥാൻ അടച്ചു.

കാബൂളിൽ വ്യോമാക്രമണം നടത്തിയെന്ന് ആരോപിച്ചാണു താലിബാൻ സേന പാക് സൈന്യത്തിനെതിരെ ആക്രമണം ആരംഭിച്ചത്.കാബൂളിൽ ഇക്കഴിഞ്ഞ വ്യാഴാഴ്ച രണ്ട് സ്ഫോടനങ്ങളും രാജ്യത്തിന്റെ തെക്കുകിഴക്കൻ ഭാഗത്ത് മറ്റൊരു സ്ഫോടനവും നടന്നിരുന്നു. പാക് –അഫ്ഗാൻ അതിർത്തി പ്രദേശത്തെ ചന്തയിലും സ്ഫോടനമുണ്ടായി. ഈ ആക്രമണങ്ങൾക്ക് പിന്നിൽ പാക്കിസ്ഥാനാണെന്നാണ് അഫ്ഗാൻ പ്രതിരോധ മന്ത്രാലയം പറയുന്നത്. സ്ഫോടനം നടന്നെങ്കിലും ആളപായം ഇല്ലെന്നാണ് അഫ്ഗാൻ അധികൃതരുടെ പ്രതികരണം.

പാകിസ്ഥാൻ വീണ്ടും അഫ്ഗാൻ പ്രദേശത്തു കടന്നുകയറുകയാണെങ്കിൽ ശക്തമായി തിരിച്ചടിക്കുമെന്നു മുന്നറിയിപ്പും നൽകി. പാകിസ്ഥാനിൽ ആഭ്യന്തരയുദ്ധത്തിന് ശ്രമിക്കുന്ന തെഹ്‌രീക്ക് ഇ താലിബാനെ അഫ്ഗാൻ സർക്കാർ സഹായിക്കുന്നു എന്നാണ് പാക്ക് സർക്കാർ ആരോപിക്കുന്നത്. ഇത് തുടർന്നാൽ ശക്തമായ നടപടിയുണ്ടാകുമെന്ന് പാക്കിസ്ഥാൻ മുന്നറിയിപ്പും നൽകുന്നു.

Related Articles

Latest Articles