Sunday, October 18, 2026

അറബിക്കടലിൽ കോസ്റ്റ് ഗാർഡിന്റെ മിന്നൽ പരിശോധന!! അന്താരാഷ്ട്ര എണ്ണക്കടത്ത് റാക്കറ്റ് പിടിയിൽ; 3 മൂന്ന് കപ്പലുകൾ പിടിച്ചെടുത്തു

അറബിക്കടൽ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന അന്താരാഷ്ട്ര എണ്ണക്കടത്ത് സംഘത്തെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് സാഹസികമായി പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സമുദ്ര-വ്യോമ മാർഗങ്ങളിലൂടെ നടത്തിയ സംയുക്ത നീക്കത്തിനൊടുവിലാണ് സംഘം വലയിലായത്. സംഘർഷം നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്ന് കുറഞ്ഞ നിരക്കിൽ ശേഖരിക്കുന്ന ഇന്ധനം അന്താരാഷ്ട്ര സമുദ്ര അതിർത്തിയിൽ വെച്ച് മറ്റു കപ്പലുകളിലേക്ക് മാറ്റി കടത്തുന്ന രീതിയാണ് ഇവർ സ്വീകരിച്ചിരുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

മുംബൈ തീരത്തുനിന്ന് ഏകദേശം 100 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് കടത്ത് സംഘത്തിന്റെ മൂന്ന് കപ്പലുകൾ കോസ്റ്റ് ഗാർഡ് തടഞ്ഞത്. വിവിധ രാജ്യങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഏജന്റുമാരുടെ ശൃംഖലയാണ് ഈ നിയമവിരുദ്ധ വ്യാപാരത്തിന് പിന്നിലെന്ന് വ്യക്തമായിട്ടുണ്ട്. തീരദേശ നിരീക്ഷണ സംവിധാനങ്ങളുടെ കണ്ണുവെട്ടിച്ച് നടുക്കടലിൽ വെച്ച് ചരക്കുകൾ കൈമാറാനായിരുന്നു ഇവരുടെ പദ്ധതി. അത്യാധുനിക സംവിധാനങ്ങളുള്ള കോസ്റ്റ് ഗാർഡ് സംഘം കപ്പലുകളിൽ നടത്തിയ വിശദമായ പരിശോധനയിൽ ഇലക്ട്രോണിക് രേഖകളും അനധികൃത ചരക്ക് വിവരങ്ങളും കണ്ടെത്തുകയായിരുന്നു.

കപ്പലിലെ ജീവനക്കാരെ ചോദ്യം ചെയ്തതിലൂടെയും കപ്പലിലെ രേഖകൾ പരിശോധിച്ചതിലൂടെയും ഈ സംഘത്തിന്റെ പ്രവർത്തനരീതിയെക്കുറിച്ചുള്ള കൃത്യമായ തെളിവുകൾ ഉദ്യോഗസ്ഥർക്ക് ലഭിച്ചു. പിടിച്ചെടുത്ത കപ്പലുകൾ നിലവിൽ തുടരന്വേഷണത്തിനായി കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. ഇന്ത്യയുടെ സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതിനും അതിർത്തി കടന്നുള്ള ഇത്തരം കുറ്റകൃത്യങ്ങൾ തടയുന്നതിനും കോസ്റ്റ് ഗാർഡ് അതീവ ജാഗ്രതയിലാണെന്ന് അധികൃതർ അറിയിച്ചു. ഈ റാക്കറ്റുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ചും കൂടുതൽ കണ്ണികളെക്കുറിച്ചുമുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Related Articles

Latest Articles