Tuesday, January 13, 2026

ആക്രമണത്തിന് മുൻപ് ശരീരത്തിലെ രോമങ്ങൾ പൂർണമായും വടിച്ചു; പുറപ്പെടുന്നതിന് മുൻപ് പ്രാർത്ഥനയും, അള്ളാഹുവിന്റെ കൊട്ടാരത്തിൽ തൊടാൻ ധൈര്യപ്പെടുന്നവരെ ഇല്ലാതാക്കുമെന്ന് എഴുത്തും: കോയമ്പത്തൂരിൽ ചാവേറായ മുബിൻ ലക്ഷ്യമിട്ടത് ഐഎസ് മോഡൽ ആക്രമണം: തെളിവുകൾ പുറത്ത് വിട്ട് എൻ ഐ എ

ചെന്നൈ: ചാവേർ ആക്രമണത്തിൽ കോയമ്പത്തൂരിൽ കൊല്ലപ്പെട്ട പ്രതി ജമേഷ മുബിൻ ലക്ഷ്യമിട്ടത് ഇസ്ലാമിക് സ്റ്റേറ്റ് മോഡൽ ആക്രമണത്തിനാണെന്നതിന്റെ കൂടുതൽ തെളിവുകൾ പുറത്ത്. ആക്രമണത്തിന് മുന്നേ ഇയാൾ ശരീരത്തിലെ രോമം മുഴുവൻ വടിച്ചു കളഞ്ഞെന്നാണ് അന്വേഷണ സംഘം ഇപ്പോൾ പുറത്ത് വിട്ടത്. ഭീകരാക്രമണങ്ങൾക്ക് മുൻപ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ശരീരത്തിലെ രോമങ്ങൾ നീക്കുന്ന ചടങ്ങ് ചെയ്യാറുണ്ട്.

സ്‌ഫോടനത്തിൽ ജമേഷ മുബിന്റെ ശരീരം പൂർണമായും ചിന്നിച്ചിതറിയിരുന്നില്ല. പരിശോധനയ്‌ക്ക് ആവശ്യമായ ശരീര ഭാഗങ്ങൾ സംഭവ സ്ഥലത്തു നിന്നും ലഭിച്ചിരുന്നു. ശരീര ഭാഗങ്ങളിൽ ഒന്നും തന്നെ രോമങ്ങൾ ഉണ്ടായിരുന്നില്ല. ആക്രമണത്തിന് മുൻപ് രോമങ്ങൾ അയാൾ നീക്കിയിരുന്നതായി എൻഐഎ വ്യക്തമാക്കി. ശരീരത്തിലെ രോമങ്ങൾ നീക്കം ചെയ്യാൻ ഇയാൾ ഉപയോഗിച്ച ട്രിമ്മർ എൻഐഎയ്‌ക്ക് ലഭിച്ചിട്ടുണ്ട്.

സ്‌ഫോടക വസ്തുക്കൾ നിറച്ച കാറിൽ പുറപ്പെടുന്നതിന് മുൻപ് മുബിൻ പ്രാർത്ഥിക്കുന്നതായും ദൃശ്യങ്ങളിൽ കാണാവുന്നതാണ്. ഇതിന് ശേഷം സ്ലേറ്റിൽ ചോക്ക് ഉപയോഗിച്ച് ഇസ്ലാമിക് സ്‌റ്റേറ്റിന്റെ കൊടിയും വരയ്‌ക്കുന്നുണ്ട്. ഇതിന് താഴെ അള്ളാഹുവിന്റെ കൊട്ടാരത്തിൽ തൊടാൻ ധൈര്യപ്പെടുന്നവരെ ഇല്ലാതാക്കുമെന്നും എഴുതിയിരുന്നു.

ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ ഉണ്ടായ സ്‌ഫോടനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് മുബിൻ ചാവേർ ആക്രമണത്തിന് ആസൂത്രണം ചെയ്തത്. ഭീകരാക്രമണത്തിന്റെ സൂത്രധാരൻ മൗലവി സഹാരൺ ബിൻ ഹാഷിമിന്റെ വീഡിയോകൾ മുബിൻ സ്ഥിരമായി കാണാറുണ്ടായിരുന്നു. ഇസ്ലാമിനെ എതിർക്കുന്നവർക്കെതിരെ യുദ്ധം ചെയ്യേണ്ട ഉത്തരവാദിത്വം യുവാക്കൾക്കാണെന്ന് മുബിൻ വിശ്വസിച്ചിരുന്നതായും എൻഐഎ പറഞ്ഞു.

Related Articles

Latest Articles