Tuesday, September 29, 2026

ഒന്നര വർഷത്തിന് ശേഷം സംസ്ഥാനത്ത് കോളേജുകള്‍ നാളെ തുറക്കുന്നു; തുടക്കത്തിൽ ക്ലാസുകൾ ആർക്കൊക്കെ? മാർഗനിർദേശങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് കോളേജുകള്‍ നാളെ മുതൽ തുറക്കും. ഒന്നരവര്‍ഷം നീണ്ട ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് ശേഷമാണ് സംസ്ഥാനത്തെ കോളജുകളില്‍ അധ്യയനം ആരംഭിക്കുന്നത്. ഓപ്പൺ ക്ലാസ്സുകൾ ആരംഭിക്കുന്നുണ്ടെങ്കിലും ഹാജര്‍ നിര്‍ബന്ധമില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു വ്യക്തമാക്കിയിരുന്നു.

കോവിഡ് സാഹചര്യത്തില്‍ പ്രത്യേക ക്രമീകരണങ്ങളാണ് കോളജുകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സൗകര്യമില്ലാത്ത കോളേജുകളിൽ ബിരുദ ക്ലാസുകള്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ നടത്താനാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ആഴ്ചയില്‍ 25 മണിക്കൂര്‍ ക്ലാസ് എന്ന കണക്കില്‍ ഓണ്‍ലൈന്‍-ഓഫ്ലൈന്‍ ക്ലാസുകള്‍ ഉള്‍പ്പെടുത്തിയാണ് ടൈംടേബിള്‍ തയ്യാറാക്കിയിരിക്കുന്നത്.

കോളേജ് ഹോസ്റ്റലുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. അതേസമയം വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും വാക്‌സിനേഷന്‍ നടപടികള്‍ അന്തിമഘട്ടത്തിലാണ്. ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിലെ പ്രവേശനം സെപ്തംബർ 30തോടെ പൂർത്തിയാക്കാനും ഒക്ടോബർ 1ന് കോളേജുകൾ തുറക്കാനും യുജിസി നിർദ്ദേശം നൽകിയിരുന്നു.

പ്രധാന മാർഗനിർദേശനങ്ങൾ

• എല്ലാ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും മറ്റ് ജീവനക്കാരും മാസ്‌ക് ധരിച്ച്‌ മാത്രം വീട്ടില്‍ നിന്നിറങ്ങുക. കൊവിഡ് ഡെല്‍റ്റ വകഭേദം നിലനില്‍ക്കുന്നതിനാല്‍ ഡബിള്‍ മാസ്‌ക് അല്ലെങ്കില്‍ എന്‍ 95 മാസ്‌കാണ് ഏറെ ഫലപ്രദം. വായും മൂക്കും മൂടത്തക്കവിധം മാസ്‌ക് ധരിക്കുക.

• യാത്രകളിലും കാമ്ബസുകളിലും മാസ്‌ക് താഴ്ത്തി സംസാരിക്കരുത്. ആരെങ്കിലും മാസ്‌ക് താഴ്ത്തുന്നെങ്കില്‍ മാസ്‌ക് വച്ച്‌ സംസാരിക്കാന്‍ അഭ്യര്‍ത്ഥിക്കുക.

• എല്ലാവരും ശാരീരിക അകലം പാലിക്കേണ്ടതാണ്. കൂട്ടംകൂടി നില്‍ക്കരുത്.

• കൈകള്‍ കൊണ്ട് മുക്ക്, വായ, കണ്ണ് എന്നിവിടങ്ങളില്‍ സ്പര്‍ശിക്കരുത്.

• അടച്ചിട്ട സ്ഥലങ്ങള്‍ പെട്ടെന്ന് രോഗവ്യാപനത്തിന് കാരണമാകുമെന്നതിനാല്‍ ജനാലകളും വാതിലുകളും തുറന്നിടേണ്ടതാണ്.

• യാതൊരു കാരണവശാലും പേന, പെന്‍സില്‍, പുസ്തകങ്ങള്‍, മറ്റു വസ്തുക്കള്‍, കുടിവെള്ളം, ഭക്ഷണ പദാര്‍ത്ഥങ്ങള്‍ എന്നിവ പരസ്പരം കൈമാറാന്‍ പാടില്ല.

• ഇടയ്ക്കിടെ സോപ്പും വെളളവും ഉപയോഗിച്ചോ സാനിറ്റൈസര്‍ ഉപയോഗിച്ചോ കൈകള്‍ വൃത്തിയാക്കണം.

• പനി, ചുമ, ശ്വാസതടസം, ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളതോ സമ്ബര്‍ക്കത്തിലുള്ളതോ ആയ വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍, ജീവനക്കാര്‍ എന്നിവര്‍ ഒരു കാരണവശാലും കോളേജില്‍ പോകരുത്.

Related Articles

Latest Articles