Monday, April 29, 2024
spot_img

ഛത്തീസ്ഗഡിൽ കമ്മ്യൂണിസ്റ്റ് ഭീകര കമാൻഡറെ വകവരുത്തി സുരക്ഷാ സേന; ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു

റായ്പൂർ: ഛത്തീസ്ഗഡിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു കമ്മ്യൂണിസ്റ് ഭീകരനെ വധിച്ചു. സുക്മാ ജില്ലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ആക്രമണത്തിൽ ഭീകര കമാൻഡർ മദ്വി ഭീമയെയാണ് സുരക്ഷാ സേന വകവരുത്തിയത്. ഇയാളുടെ പക്കൽ നിന്നും ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തു. നാടൻ തോക്കും ഐഇഡികളുമാണ് ഭീമയിൽ നിന്നും പിടിച്ചെടുത്തത്. ചിന്തൽനാറിലെ ഗഡ്ജദ്‌മെറ്റയ്‌ക്കും ടാഡ്‌മെറ്റ്‌ലയ്‌ക്കും ഇടയിലുള്ള വനമേഖലയിലാണ് ശക്തമായ ആക്രമണവും പ്രത്യാക്രമണവും ഉണ്ടായത്.

ഇവിടെ ഭീകരരുടെ സാന്നിദ്ധ്യമുള്ളതായി രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധനയ്‌ക്കായി എത്തിയ സുരക്ഷാ സേനയ്‌ക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. സുരക്ഷാ സേനയും ശക്തമായി തിരിച്ചടിച്ചു. സിആർപിഎഫിന്റെ 201 കോബ്രാ ബറ്റാലിയനും പോലീസ് ഡിസ്ട്രിക്റ്റ് റിസർവ്വ്ഗാർഡും സംയുക്തമായാണ് മേഖലയിൽ പരിശോധനയ്‌ക്ക് എത്തിയത്. ഏറ്റുമുട്ടലിന് ശേഷം നടത്തിയ പരിശോധനയിലാണ് ഭീമയുടെ മൃതദേഹം കണ്ടെടുത്തതെന്ന് സുരക്ഷാ സേന വ്യക്തമാക്കി.

Related Articles

Latest Articles