Monday, May 6, 2024
spot_img

പുതിയ ചിത്രത്തിന്റെ പോസ്റ്ററിൽ കാളീദേവി സിഗരറ്റ് വലിക്കുന്നു:ലീനാ മണിമേഖലക്കെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം

ഇന്ത്യൻ ചലച്ചിത്രകാരി ലീന മണിമേഖല സംവിധാനം ചെയ്യുന്ന ഒരു ഡോക്യുമെന്ററി ചിത്രത്തിന്റെ പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. സിഗററ്റ് വലിക്കുന്ന കാളി ദേവിയെയാണ് ആ പോസ്റ്ററിൽ ചിത്രീകരിച്ചിരിക്കുന്നത്. ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തിഎന്നാരോപിച്ച് നിരവധി പേരാണ്  രംഗത്തെത്തിയത്. തന്റെ വരാനിരിക്കുന്ന ഡോക്യുമെന്ററി ചിത്രത്തിന്റെ പോസ്റ്റർ അടുത്തിടെയാണ് ലീന സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ആഗാ ഖാൻ മ്യൂസിയത്തിൽ റിഥംസ് ഓഫ് കാനഡയുടെ ഭാഗമായാണ് ഇത് അരങ്ങേറിയത്.

ഹിന്ദു ദേവിയുടെ വേഷം ധരിച്ച ഒരു സ്ത്രീ സിഗരറ്റ് വലിക്കുന്നതായിട്ടാണ് പോസ്റ്ററിലുള്ളത്. പുറകിലായി LGBT കമ്മ്യൂണിറ്റിയുടെ പതാകയും കാണാം. ഇതാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. ദേവിയെ ചിത്രീകരിച്ച് തങ്ങളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് പലരും പോസ്റ്റർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കൂടാതെ ‘അറസ്റ്റ് ലീനാമണിമേകല’ എന്ന ഹാഷ്ടാഗും ട്വിറ്ററിൽ ട്രെൻഡായി മാറി.

വിവാദം ശക്തമായതിന് പിന്നാലെ മറുപടിയുമായി മണിമേഖല രംഗത്ത് വന്നു. തനിക്ക് ലഭിക്കുന്ന നിഷേധാത്മക പ്രതികരണങ്ങൾക്കിടയിൽ ‘വെറുപ്പിന് പകരം സ്നേഹം’ തിരഞ്ഞെടുക്കാൻ ലീന എല്ലാവരോടും ആവശ്യപ്പെട്ടു.

“‘ടൊറന്റോ മെട്രോപൊളിറ്റൻ യൂണിവേഴ്‌സിറ്റി’ കാനഡയുടെ വൈവിധ്യമാർന്ന സംസ്‌കാരത്തെക്കുറിച്ചുള്ള സിനിമകൾ നിർമ്മിക്കുന്നതിനുള്ള ക്യാമ്പിൽ പങ്കെടുക്കവെയാണ് ‘കലി’ എന്ന ഡോക്യുമെന്ററി നിർമ്മിച്ചത്. ഞാൻ അത് അഭിനയിക്കുകയും സംവിധാനം ചെയ്യുകയും നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്,” അവർ പറഞ്ഞു.

“ഒരു സായാഹ്നത്തിൽ കാളി പ്രത്യക്ഷപ്പെടുകയും ടൊറന്റോയിലെ തെരുവുകളിൽ ഉലാത്തുകയും ചെയ്യുന്ന സംഭവങ്ങളെ ചുറ്റിപ്പറ്റിയാണ് സിനിമ. നിങ്ങൾ ചിത്രം കാണുകയാണെങ്കിൽ, `അറസ്റ്റ് ലീന മണിമേകല’ എന്ന ഹാഷ്ടാഗ് പോസ്റ്റ് ചെയ്യുന്നതിന് പകരം ലവ് യു ലീന മണിമേകല’ എന്ന ഹാഷ്‌ടാഗ് പോസ്റ്റ് ചെയ്യുക. നിരവധി വംശീയ വ്യത്യാസങ്ങൾക്കിടയിലും വിദ്വേഷത്തിന് പകരം സ്നേഹം തിരഞ്ഞെടുക്കുന്നതിനെക്കുറിച്ചാണ് ഈ കാളി ചിത്രത്തിൽ പറയുന്നത്,” ലീന പറയുന്നു.

Related Articles

Latest Articles